ട്രക്കിങ്ങിനിടെ തെന്നിവീണ് പരിക്ക്; കരുവാരക്കുണ്ടിൽ മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
മഴ പെയ്തതോടെ ഇരുവര്‍ക്കും പാറയിൽ നിന്ന് തെന്നിവീണ് പരിക്കേല്‍ക്കുകയായിരുന്നു
മലപ്പുറം: കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലയില്‍ കുടുങ്ങിയ രണ്ടു പേരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് ചേരിക്ക് സമീപം കൂമ്പൻ മലയിലാണ് മാമ്പുഴ കൊടുവണ്ണിയ്ക്കൽ സ്വദേശികളായ യാസീൻ, അഞ്ജല്‍ എന്നിവര്‍ കുടുങ്ങിയത്.
കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കൽ സ്വദേശികളായ യാസീൻ, അഞ്ജല്‍, ഷംനാസ് എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ട്രക്കിങ്ങിനു പോയത്. വൈകീട്ട് മഴ പെയ്തതോടെ യാസീനും അഞ്ജലിനും പാറയിൽ നിന്ന് തെന്നിവീണ് പരിക്കേറ്റു. ഇരുവർക്കും മലയിറങ്ങാന്‍ പറ്റാതായതോടെ സംഘത്തിലുള്ള ഷംനാസ് മലയിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വൈകീട്ട് ആറ് മണിയോടെ ആരംഭിച്ച രക്ഷാദൗത്യം രാത്രി വൈകി രണ്ട് മണി വരെ നീണ്ടു. മഴ പെയ്തതിനാല്‍ ഇരുവരും കുടുങ്ങിക്കിടന്ന സ്ഥലത്തേക്ക് എത്തുക എന്നത് ദുഷ്കരമായിരുന്നു. പരിക്കേറ്റ് നടക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ചുമന്നാണ് ഇവരെ താഴെയെത്തിച്ചത്. മലയ്ക്ക് താഴെ എത്തിച്ച അഞ്ജലിനെയും യാസീനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Adjust Story Font
16