പോപുലർ ഫ്രണ്ട് മുദ്രാവാക്യംവിളി; തിരുവനന്തപുരത്ത് രണ്ടുപേർക്കെതിരെ യു.എ.പി.എ
പോപുലർ ഫ്രണ്ട് നിരോധനത്തിൽ സ്വീകരിക്കുന്ന നടപടികൾ നിയമപരമായിരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:പോപുലർ ഫ്രണ്ട് മുദ്രാവാക്യം മുഴക്കിയ രണ്ടു പേർ തിരുവനന്തപുരം കല്ലമ്പലത്ത് അറസ്റ്റിൽ. തിരുവനന്തപുരം കല്ലമ്പലത്ത് കൊടി അഴിച്ചു മാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ചവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തു. അതിനിടെ, ഇന്നലെ കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പോപുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കോടതി റിമാൻഡ് ചെയ്തു. ഒക്‌ടോബർ 20 വരൊയാണ് റിമാൻഡ് ചെയ്തത്. എൻ.ഐ.എ അദ്ദേഹത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല.
പി.എഫ്.ഐ നിരോധനത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞ ഒരാൾ കൂടി കസ്റ്റഡിയിലായി. കോന്നി എലിയറക്കൽ കാളഞ്ചറ സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമായ മുഹമ്മദ് ഷാനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സൂചന.
അതേസമയം, പോപുലർ ഫ്രണ്ട് നിരോധനത്തിൽ സ്വീകരിക്കുന്ന നടപടികൾ നിയമപരമായിരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തുടർനടപടി നിശ്ചയിക്കാൻ ചേർന്ന കലക്ടർമാരുടെയും പൊലീസിന്റെയും യോഗത്തിലാണ് നിർദേശം നൽകിയത്. നിയമനടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും അനാവശ്യ തിടുക്കവും ആവേശവും പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വർഗീയ സംഘർഷങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പറഞ്ഞു.
അതേസമയം,പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പാർട്ടി നേതാക്കളുടെയും ട്വിറ്റർ അക്കൗണ്ടുകൾക്ക് പുറമേ എസ്ഡിപിഐ നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളും പൂട്ടിച്ചു. ദേശീയ പ്രസിഡന്റ് എം.കെ ഫൈസി, കർണ്ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് പൂട്ടിച്ചത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ട്വിറ്റർ പേജ് നേരത്തെ നീക്കം ചെയ്തിരുന്നു. കേന്ദ്രസർക്കാറിന്റെ നിർദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചിരുന്നത്. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളും നീക്കംചെയ്തിരുന്നു. പിഎഫ്‌ഐ ഒഫീഷ്യൽ എന്ന ട്വിറ്റർ അക്കൗണ്ടിന് ഏകദേശം 81,000 ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. കൂടാതെ, പിഎഫ്‌ഐയുടെ നിരോധനത്തെ തുടർന്ന് അറസ്റ്റിലായ സംഘടനാ ചെയർമാൻ ഒഎംഎ സലാം, ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും നീക്കിയിരുന്നു. തീവ്രവാദ ബന്ധം ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിഎഫ്‌ഐക്കും അനുബന്ധ സംഘടനകൾക്കും അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഒരു ദിവസം പിന്നിട്ടപ്പോഴാണ് നടപടി. നേരത്തെ, ഇത് സംബന്ധിച്ച നീക്കം കേന്ദ്രം ആരംഭിച്ചിരുന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പത്രക്കുറിപ്പുകൾ ഇറക്കരുതെന്നും നിർദേശമുണ്ടായിരുന്നു. കൂടാതെ, പോപുലർ ഫ്രണ്ടിന്റെയും അനുകൂല സംഘടനകളുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിരോധിച്ച സംഘടനകളുടെ ഓഫീസുകൾ സീൽ ചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടൊപ്പം കാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.
യുപി, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശുപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്, ജമാഅത്തുൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ആരോപിക്കുന്നു.
Two people were arrested in Thiruvananthapuram Kallambalam for shouting Popular Front slogans.
Adjust Story Font
16