രണ്ടുവയസുകാരൻ ഡേകെയറിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം: അധ്യാപകരെ പിരിച്ചു വിട്ടു
അധ്യാപകർ കുട്ടികളെ ആയയെ ഏൽപ്പിച്ച് കല്യാണത്തിന് പോയ സമയത്താണ് കുട്ടി ഓടി പോയത്
തിരുവനന്തപുരം: നേമം കാക്കാമൂലയിൽ രണ്ടുവയസുകാരൻ ഡേ-കെയറിൽ നിന്ന് ഒറ്റക്ക് ഇറങ്ങി ഓടിയ സംഭവത്തിൽ രണ്ട് അധ്യാപകരെ പിരിച്ചുവിട്ടു. രണ്ടു പേർക്ക് താക്കീത് നൽകി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി ഡേ കെയർ അധികൃതർ അറിയാതെ ഇറങ്ങി പോയത്.
കാക്കാമൂലയിലെ സോവർഹിൽ ഡേ കെയറിൽ നിന്നാണ് രണ്ട് വയസും നാല് മാസവും പ്രായമുള്ള കുട്ടി ഇറങ്ങി പോയത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് കുട്ടി ഇറങ്ങി പോകുന്നതിൻ്റെ സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചു. കാക്കാമൂല സ്വദേശി സുധീഷ് - അർച്ചന ദമ്പതികളുടെ മകനാണ് ഇറങ്ങിപ്പോയത്. പരിഭ്രമിച്ചാണ് ഓടുന്നതെങ്കിലും കുട്ടി കൃത്യമായി വീട്ടിലെത്തി.
മൂന്ന് അധ്യാപകരും ഒരു ആയയും ഡേ കെയറിൽ ഉണ്ട്. അധ്യാപകർ കുട്ടികളെ ആയയെ ഏൽപ്പിച്ച് കല്യാണത്തിന് പോയ സമയത്താണ് കുട്ടി ഓടി പോയത്. കുട്ടിയെ ശ്രദ്ധിക്കാത്ത ഡേ കെയറിനെതിരെ രക്ഷിതാക്കൾ നേമം പൊലീസിന് പരാതി നൽകി. വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കിയാണ് ഷാന, റിനു എന്നീ അധ്യാപകരെ പിരിച്ചു വിട്ടത്. അധ്യാപികയായ ശ്രുതിയെയും ആയ ഇന്ദുലേഖക്കും താക്കീത് ചെയ്തു.
Adjust Story Font
16