കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റിനെതിരെ യു.എ.പി.എ ചുമത്തും
അന്വേഷണം എടിഎസ് ഏറ്റെടുക്കും
കണ്ണൂര്‍: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റ് സംഘാംഗം സുരേഷിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യും. അന്വേഷണം എടിഎസ് ഏറ്റെടുക്കും. ഇന്നലെയാണ് പരിക്കേറ്റ സുരേഷിനെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിൽ ഉപേക്ഷിച്ച് കടന്നത്. മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷൽ സോൺ കമ്മിറ്റി അംഗമാണ് ചിക് മംഗളൂർ സ്വദേശി സുരേഷ്.
ഇന്നലെ വൈകിട്ട് ആറ്മണിക്കാണ് കോളനിയിലെ ചപ്പിലി കൃഷ്ണൻ എന്നയാളുടെ വീട്ടില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെട്ട ആറംഗ സായുധ സംഘം എത്തിയത് .ഭക്ഷണസാധനങ്ങൾ പണം നൽകി വാങ്ങുകയും സുരേഷിന് ചികിത്സ ലഭ്യമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കാട്ടാന ആക്രമണത്തിൽ മൂന്ന് ദിവസം മുൻപാണ് പരിക്കേറ്റതാണെന്ന് അറിയിക്കുകയും ചെയ്തു.സുരേഷിനെ ഈ വീട്ടിൽ കിടത്തിയ ശേഷം ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റുകൾ കാട്ടിലേക്ക് മടങ്ങി.
പിന്നാലെ വിവരമറിഞ്ഞ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയർ അടക്കമുള്ളവർ കോളനിയിലെത്തി. പരിക്കേറ്റ മാവോയിസ്റ്റുമായി സംസാരിച്ചു. തുടർന്ന് ആംബുലൻസ് എത്തിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഏറെ വൈകിയാണ് പൊലീസും തണ്ടർബോൾട്ടും കോളനിയിലെത്തിയതെന്ന് വിമർശനം ഉണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മാവോയിസ്റ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16