നികുതി വർധനക്കെതിരായ സമരം ശക്തമാക്കി യു.ഡി.എഫ്; ഇന്നും നാളെയും രാപ്പകൽ സമരം
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം നടത്തുക
തിരുവനന്തപുരം: നികുതി വർധനവിന് എതിരായ സമരം യു.ഡി.എഫ് ശക്തിപ്പെടുത്തുന്നു. ഇന്നും നാളെയുമായി സംസ്ഥാനത്ത് രാപ്പകൽ സമരം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം നടത്തുക. ഇന്ന് വൈകുന്നേരം നാലു മണി മുതല്‍ 14ന് രാവിലെ 10 മണി വരെയാണ് സമരം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കോഴിക്കോട് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും മറ്റ് ജില്ലകളിൽ പ്രമുഖ യു.ഡി.എഫ് നേതാക്കളും സമരത്തിന് നേതൃത്വം നൽകും. വയനാട് ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമുള്ളതിനാല്‍ രാപ്പകല്‍ സമരം മറ്റൊരു ദിവസമായിരിക്കും. മുസ്‍ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂരിലേത് 16,17 തിയ്യതികളിലാണ് സംഘടിപ്പിക്കുക.
അതേസമയം നികുതി ബഹിഷ്കരണ ആഹ്വാനത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ടുപോയി. സമര രീതിയെ കുറിച്ച് പാർട്ടിക്ക് അകത്ത് ആശയക്കുഴപ്പം ഉണ്ടെന്ന രീതിയിൽ കൂടുതൽ ചർച്ച വേണ്ടെന്നാണ് ധാരണ. നികുതി ബഹിഷ്കരണ ആഹ്വാനം എന്നത് തെറ്റായ സന്ദേശം നൽകുമെന്ന അഭിപ്രായമാണ് കെ.പി.സി.സി യോഗത്തിനെത്തിയ നേതാക്കൾക്കിടയിൽ ഉണ്ടായത്. അതിനാൽ അത് സംബന്ധിച്ച ചർച്ചകൾക്ക് പകരം നികുതി വർധനക്കും സെസ് കൂട്ടിയതിനുമെതിരെ ഇപ്പോൾ നടക്കുന്ന സമരം ശക്തിപ്പെടുത്തിയാൽ മതിയെന്ന പൊതു ധാരണയിലെത്തുകയായിരുന്നു.
Adjust Story Font
16