'വോട്ട് ചെയ്യാനെത്തിയവരെ മനപ്പൂർവം കാലതാമസം വരുത്തി തിരിച്ചയക്കാന്‍ ശ്രമിച്ചു'; പരാതി നല്‍കി യു.ഡി.എഫ്
പരാതിയുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്ന് ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്
കോട്ടയം: പുതുപ്പള്ളിയിൽ വോട്ടെടുപ്പ് വൈകിയതിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് . പരാതിയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻപറഞ്ഞു. വോട്ടെടുപ്പ് വൈകിപ്പിച്ചതിന് പിന്നിൽ എൽഡിഎഫ് ആണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
31 ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരെ അതിന് അനുവദിക്കാതെ കാലതാമസം വരുത്തി തിരിച്ചയക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്നാണ് യുഡിഎഫ് പരാതി. വോട്ട് ചെയ്യാനെത്തിയ ആളുകൾ മണിക്കൂറുകൾ കാത്ത് നിൽക്കുന്നതറിഞ്ഞ് ചാണ്ടി ഉമ്മൻ നേരിട്ടെത്തി ഇടപെട്ടു. ജില്ലാ കലക്ടർക്ക് പരാതി നൽകിയ ശേഷമാണ് ഇടപെടൽ ഉണ്ടായത്. സംഭവത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സ്ഥാനാർഥി.
ബൂത്തുകളിൽ ഭരണകക്ഷി യൂണിയനുകളിൽ പെട്ടവരെ നിയമിച്ചാണ് വോട്ടെടുപ്പ് വൈകിപ്പിച്ചതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. ബോധപൂർവം ചെയ്ത ഈ നടപടിയെ നിയമപരമായി നേരിടുമെന്നും തിരുവഞ്ചൂർ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥിക്ക് പരാതിയുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നായിരുന്ന ഇടത് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ നിലപാട്.
Adjust Story Font
16