വടകരയിൽ ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ്
MSF ജില്ലാ വൈസ് പ്രസിഡന്റിന്റെ പേരിൽ വ്യാജ ഐഡിയും ഗ്രൂപ്പുമുണ്ടാക്കി വ്യാജ മെസേജുകൾ പ്രചരിപ്പിക്കുന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം
കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ്. എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റിന്റെ പേരിൽ വ്യാജ ഐഡിയും ഗ്രൂപ്പുമുണ്ടാക്കി വ്യാജ മെസേജുകൾ പ്രചരിപ്പിക്കുന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് വർഗീയ പ്രചാരണമെന്നും യുഡിഎഫ് ആരോപിച്ചു.
ഷാഫി പറമ്പിലും യുഡിഎഫും വർഗീയ പ്രചാരണം നടത്തുന്നുവെന്ന് കാട്ടി എൽഡിഎഫ് ആണ് ആദ്യം പരാതി നൽകിയത്. വാട്‌സ്ആപ്പ് മെസേജിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം കാട്ടിയായിരുന്നു പരാതി. ഇതിനെതിരെയാണ് ഇപ്പോൾ യുഡിഎഫ് രംഗത്ത് വന്നിരിക്കുന്നത്. യുഡിഎഫ് പ്രചരിപ്പിക്കുന്നു എന്ന് പറയുന്ന പോസ്റ്റ് എൽഡിഎഫ് നേതാക്കൾ തന്നെ നിർമിച്ചതാണെന്നാണ് യുഡിഎഫിന്റെ ആരോപണം.
എംഎസ്എഫ് ജില്ലാ നേതാവായ കാസിമിന്റെ പേരിൽ വ്യാജ ഐഡിയും ഗ്രൂപ്പുമുണ്ടാക്കി വർഗീയ പോസ്റ്റുകളിടുകയും ഇത് യുഡിഎഫിന്റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുകയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇതിനെതിരെ റൂറൽ എസ്പിക്ക് യുഡിഎഫ് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. മുൻ എംഎൽഎ കെകെ ലതിക ഉൾപ്പടെയുള്ളവർ പോസ്റ്റ് പ്രചരിപ്പിക്കുകയാണെന്നും യുഡിഎഫ് പരാതിയിൽ പറയുന്നു.
Adjust Story Font
16