Quantcast

കേന്ദ്രത്തിനെതിരായ ഡൽഹി സമരത്തിനില്ലെന്ന് സർക്കാരിനെ രേഖാമൂലം അറിയിച്ച് പ്രതിപക്ഷം

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ചർച്ചയ്ക്ക് വിളിച്ചതിന് പിന്നിൽ സംസ്ഥാന താൽപര്യം മാത്രമല്ല, രാഷ്ട്രീയ താൽപര്യമുണ്ടെന്നും കത്തിൽ തുറന്നുപറയുന്നു.

MediaOne Logo

Web Desk

  • Published:

    19 Jan 2024 9:04 AM GMT

opposition has informed govt they will not join the Delhi strike against the Centre
X

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ ഡൽഹി സമരത്തിനില്ലെന്ന് പ്രതിപക്ഷം സർക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളിൽ ചിലതിനോട് യോജിപ്പുണ്ട്. നിരവധി കാരണങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര അവഗണനയെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

നികുതി പിരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് കെടുകാര്യസ്ഥതയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രണ്ട് ധവളപത്രങ്ങൾ ഇറക്കിയിരുന്നു. അന്നൊന്നും പ്രതിപക്ഷ വാദങ്ങൾ മുഖവിലയ്‌ക്കെടുക്കാത്ത സർക്കാർ ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ചർച്ചയ്ക്ക് വിളിച്ചതിന് പിന്നിൽ സംസ്ഥാന താൽപര്യം മാത്രമല്ല, രാഷ്ട്രീയ താൽപര്യമുണ്ടെന്നും യുഡിഎഫ് സംശയിക്കുന്നതായി കത്തിൽ തുറന്നുപറയുന്നു.

ചരിത്രത്തിൽ ഇതുവരെയില്ലാത്ത ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോവുന്നത്. നികുതിപിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂർത്തുമുൾപ്പെടെയുള്ള കാര്യങ്ങളാണ് ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചത് എന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തുന്നു. ഐ.ജി.എസ്.ടി പൂളിൽ നിന്നുള്ള വരുമാനം നഷ്ടപ്പെടുത്തുന്നതും സ്വർണം, ബാർ എന്നിവയിൽ നിന്നുള്ള നികുതി പിരിവ് പരാജയപ്പെട്ടതുമാണ് ധനപ്രതിസന്ധിയുടെ മുഖ്യകാരണങ്ങൾ.

വൻകിട പദ്ധതികളുടെ പേരിൽ നടക്കുന്ന അഴിമതിയും ധൂർത്തും ധനപ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും കുറ്റപ്പെടുത്തലുണ്ട്. വിഭവ സമാഹരണത്തിന് ഒരു നടപടിയും സ്വീകരിക്കാതെ കടമെടുപ്പിനെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോവുന്നതിലും പ്രതിപക്ഷം വിമർശനമുന്നയിക്കുന്നു. ഇത്തരത്തിൽ സംസ്ഥാന സർക്കാരിന്റെവീഴ്ചകൾ അക്കമിട്ടു നിരത്തി സുദീർഘമായ കത്ത് നൽകിയാണ് തങ്ങൾ ഇത്തരമൊരു സമരത്തിനില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയത്.

ഇന്നലെ നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് സർക്കാർ നടത്തുന്ന സമരവുമായി സഹകരിക്കേണ്ടതില്ലെന്ന് പ്രതിപക്ഷം തീരുമാനിച്ചത്. പ്രതിപക്ഷം തീരുമാനം അറിയിക്കുന്നതിന് മുമ്പേ എൽ.ഡി.എഫ് സമരം പ്രഖ്യാപിച്ചത് ശരിയായില്ല. സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സർക്കാരും ഉത്തരവാദികളെന്നും യുഡിഎഫ് വിലയിരുത്തി.




TAGS :

Next Story