Quantcast

കാസർകോട് പട്ടാജെയിൽ 18 വർഷത്തെ ബി.ജെ.പി കുത്തക അവസാനിപ്പിച്ച് യു.ഡി.എഫ്

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖരെത്തി പ്രചാരണം നടത്തിയിട്ടും ബി.ജെ.പി സ്ഥാനാർത്ഥി 39 വോട്ടിനു പരാജയപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-07-22 16:19:53.0

Published:

22 July 2022 4:16 PM GMT

കാസർകോട് പട്ടാജെയിൽ 18 വർഷത്തെ ബി.ജെ.പി കുത്തക അവസാനിപ്പിച്ച് യു.ഡി.എഫ്
X

കാസർകോട്: സംസ്ഥാനത്തെ 10 ജില്ലകളിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത് കാസർകോട് ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ പട്ടാജെ വാർഡാണ്. 18 വർഷത്തെ ബി.ജെ.പി കുത്തക അവസാനിപ്പിച്ച് വാർഡ് പിടിച്ചടക്കിയിരിക്കുകയാണ് യു.ഡി.എഫ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖരെത്തി പ്രചാരണം നടത്തിയിട്ടും ബി.ജെ.പിക്ക് അടിപതറി.

ബി.ജെ.പിയുടെ മഹേഷ് വളക്കുഞ്ചയെ പരാജയപ്പെടുത്തി കോൺഗ്രസിലെ കെ. ശ്യാമപ്രസാദാണ് വാർഡിൽ ജയിച്ചത്. 2005ൽ വാർഡ് നിലവിൽ വന്നതു മുതൽ ബി.ജെ.പി സ്ഥാനാർത്ഥികൾ മാത്രമാണ് പട്ടാജെയിൽ ജയിച്ചിട്ടുള്ളത്.

എന്നാൽ, 39 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടെ വിജയിച്ചത്. കോൺഗ്രസിലെ കെ. ശ്യാമപ്രസാദ് 427 വോട്ട് നേടിയപ്പോൾ മഹേഷ് വളക്കുഞ്ചയ്ക്ക് 389 വോട്ട് ആണ് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മദനയ്ക്ക് 199 വോട്ടും ലഭിച്ചു.

വാർഡ് അംഗമായിരുന്ന ബി.ജെ.പിയുടെ കൃഷ്ണ ഭട്ട് സജീവരാഷ്ട്രീയം വിടുന്നതിന്റെ ഭാഗമായി സ്ഥാനം രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ. സുരേന്ദ്രൻ ഇവിടെയെത്തിയിരുന്നു. വോട്ടെടുപ്പ് അവസാനിക്കുംവരെയും ബി.ജെ.പബി കാസർകോട് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറും ബൂത്തിൽ സജീവമായുണ്ടായിരുന്നു.

നേട്ടംകൊയ്ത് എൽ.ഡി.എഫും യു.ഡി.എഫും

സംസ്ഥാനത്തെ 10 ജില്ലകളിലായി 20 തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും നേട്ടംകൊയ്തു. ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവന്നപ്പോൾ പത്തിടത്ത് എൽ.ഡി.എഫ് വിജയിച്ചു. യു.ഡി.എഫിന് ഒൻപത് സീറ്റും ലഭിച്ചു. ബി.ജെ.പിക്ക് ഒരിടത്ത് ജയിച്ചു.

കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയിലെ പതിനൊന്നാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. പള്ളിക്കര പഞ്ചായത്തിലെ 19-ാം വാർഡ് യു.ഡി.എഫ് നിലനിർത്തി.

ബദിയടുക്ക പഞ്ചായത്തിലെ 14-ാം വാർഡ് ബിജെപിയിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി ശ്യാമപ്രസാദാണ് വിജയിച്ചത്. കുമ്പള പഞ്ചായത്ത് 14-ാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. എൽ.ഡി.എഫ് സ്ഥാനാർഥി എസ്. അനിൽകുമാർ വിജയിച്ചു.

കള്ളാർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സണ്ണി അബ്രഹാം ജയിച്ചു.

മലപ്പുറത്ത് മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല വാർഡ് യു.ഡി.എഫ് നിലനിർത്തി. 155 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി പരേറ്റ മുജീബ് റഹ്മാൻ വിജയിച്ചത്. എസ്.ഡി.പി.ഐ രണ്ടാം സ്ഥാനത്തെത്തിയത് എൽ.ഡി.എഫിന് തിരിച്ചടിയായി. വാർഡിലെ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം നഗരസഭയിലെ 11-ാം വാർഡായ മൂന്നാംപടി എൽ.ഡി.എഫ് നിലനിർത്തി. 71 വോട്ടിന് സി.പി.എം സ്ഥാനാർഥി കെ.എം.വി ജലക്ഷ്മി ടീച്ചർ വിജയിച്ചു.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷൻ മുസ്‌ലിം ലീഗ് നിലനിർത്തി. 2007 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗിലെ സി.ടി അയ്യപ്പൻ വിജയിച്ചു. ലീഗ് അംഗം കെ.പി രമേശിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

തൃശൂർ ചേലക്കര കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. ഒ. പ്രേമലതയാണ് 35 വോട്ടിന് വിജയിച്ചത്. എൽ.ഡി.എഫ് പ്രതിനിധി ടി.ബി രാധ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

Posted by Udf Mission Pattaje on Friday, July 22, 2022

കൊല്ലത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ആലുമ്മൂട് വാർഡ് ബി.ജെ.പി നിലനിർത്തി. ശ്രീജിത്ത് ജെ 21 വോട്ടുകൾ വിജയിച്ചു. ഇവിടെ ഭരണമാറ്റത്തിന് സാധ്യതയുണ്ട്. നിലവിൽ ഭരിക്കുന്നത് എൽ.ഡി.എഫാണ്. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ സ്വതന്ത്രയെ പിന്തുണച്ചാൽ ഭരണമാറ്റം ഉണ്ടാകും. മുമ്പ് ഇങ്ങനെ പിന്തുണച്ചിരുന്നു. ചവറ ഗ്രാമപഞ്ചായത്ത് കൊറ്റൻകുളങ്ങര വാർഡ് യു.ഡി.എഫ് നിലനിർത്തി. ആർ.എസ്.പി സ്ഥാനാർത്ഥി അംബിക ദേവി 123 വോട്ടുകൾ വിജയിച്ചു

കോഴിക്കോട് തിക്കോടി ഗ്രാമപഞ്ചായത്ത് പള്ളിക്കര സൗത്ത് വാർഡ് അഞ്ചിൽ എൽ.ഡി.എഫിന് ജയം. സി.പി.എം സ്ഥാനാർഥി ഷീബ പുൽപ്പാണ്ടി 448 വോട്ടിന് വിജയിച്ചു.

ഇടുക്കി രാജകുമാരി പഞ്ചായത്ത് രണ്ടാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിമല ദേവി വിജയിച്ചു. കൂറുമറ്റ നിരോധനനിയമ പ്രകാരം മുൻ അംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ആലുവ നഗരസഭ 22-ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ കോൺഗ്രസ് വിജയിച്ചു. കോൺഗ്രസിലെ വിദ്യ ബിജു 43 വോട്ടുകൾക്കാണ് വിജയിച്ചത്. ജെ.ബി മേത്തർ രാജ്യസഭാംഗമായതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോട്ടയം ഏറ്റുമാനൂർ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. കേരള കേൺഗ്രസ് എമ്മിലെ വിനീത രാഗേഷ് ആണ് വിജയിച്ചത്. 216 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനീതയുടെ വിജയം. പഞ്ചായത്ത് പ്രസിഡന്റായിരുന്ന മിനു മനോജ് സർക്കാർ ജോലി കിട്ടിയതിനെ തുടന്ന് രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് 477, യു.ഡി.എഫ് 261, ബി.ജെ.പി 99 എന്നിങ്ങനെയാണ് വോട്ടുനില.

Summary: UDF ends BJP's 18-year monopoly in Pattaje, Kasaragod, in local body by-poll

TAGS :

Next Story