കേരള ബാങ്ക് നിയമനം; അബ്ദുൽ ഹമീദിനെ ബോർഡിൽ ഉൾപ്പെടുത്തുന്നത് അറിഞ്ഞിരുന്നില്ലെന്ന് യുഡിഎഫ്
ഡയറക്ടർ ബോർഡിലേക്ക് തന്നെ നാമനിർദേശം ചെയ്തത് യുഡിഎഫിന്റെയും ലീഗിന്റെയും അനുമതിയോടെ എന്നായിരുന്നു അബ്ദുൽ ഹമീദിന്റെ പ്രതികരണം
മലപ്പുറം: യുഡിഎഫിന്റെയും ലീഗിന്റെയും അനുമതിയോടെയാണ് കേരള ബാങ്കിലേക്ക് തന്നെ നാമനിർദേശം ചെയ്തതെന്ന ലീഗ് എം.എൽ.എ പി.അബ്ദുൽ ഹമീദിന്റെ വാദം തള്ളി യുഡിഎഫ് ജില്ലാ നേതൃത്വം. അബ്ദുൽ ഹമീദിനെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയുന്നതെന്നും യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി അജയ്‌മോഹൻ പറഞ്ഞു.
"അബ്ദുൽ ഹമീദിനെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തുന്ന കാര്യം അറിഞ്ഞിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരെ നിയമ പോരാട്ടം തുടരും. ഡയറക്ടർ ബോർഡ് സ്ഥാനം ലീഗ് പ്രതിനിധിക്ക് നൽകിയത് കൊണ്ട് കേസിൽ നിന്ന് പിൻവാങ്ങുമെന്ന് സർക്കാർ കരുതേണ്ട". അജയ്‌മോഹൻ പറഞ്ഞു.
ഇന്നാണ് അബ്ദുൽ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറായ തിരഞ്ഞെടുത്ത പ്രഖ്യാപനമുണ്ടാകുന്നത്. യുഡിഎഫിൽ നിന്ന് ഡയറക്ടർ ബോർഡിലെത്തുന്ന ആദ്യ എം.എൽ.എയാണ് ഹമീദ്. മലപ്പുറം ജില്ലയിൽ നിന്ന് കേരള ബാങ്കിൽ ഇതിന് മുമ്പ് ഡയറക്ടർമാരുണ്ടായിരുന്നില്ല.
ഡയറക്ടർ ബോർഡിലേക്ക് തന്നെ നാമനിർദേശം ചെയ്തതിൽ രാഷ്ട്രീയ നീക്കമില്ലെന്നായിരുന്നു അബ്ദുൽ ഹമീദിന്റെ പ്രതികരണം. സഹകരണ മേഖലയിൽ യുഡിഎഫും എൽഡിഎഫും ഒന്നിച്ച് മുന്നോട്ടു പോകുമെന്നും സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും ഹമീദ് മീഡിയവണിനോട് പ്രതികരിച്ചിരുന്നു.
ജനറൽബോഡി തീരുമാനത്തിന് വിരുദ്ധമായി ജില്ലാ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിച്ചതിനെിരെ യു.ഡി.എഫ് നിയമപോരാട്ടം തുടരുമ്പോൾ ലീഗ് എം.എൽ.എയെ ഡയറക്ടർ ബോർഡിലേക്ക് കൊണ്ടുവരുന്നത് കേസിനെ ദുർബലപ്പെടുത്താനാണെന്നാണ് ആരോപണം. നിലവിൽ സി.പി.എം നേതാക്കളോ എൽ.ഡി.എഫ് ഘടകകക്ഷി പ്രതിനിധികളോ മാത്രമാണ് കേരളാ ബാങ്ക് ഡയറക്ടർ ബോർഡിലുള്ളത്. ലീഗ് എം.എൽ.എ സി.പി.എം നിയന്ത്രിക്കുന്ന കേരളാ ബാങ്ക് ഡയറക്ടർ ബോർഡിൽ അംഗമായത് യു.ഡി.എഫ് രാഷ്ട്രീയത്തിലും വലിയ കോളിളക്കമുണ്ടാക്കും.
അതേസമയം കേരള ബാങ്ക് ഭരണസമിതിയിലെ ലീഗ് പ്രതിനിധി വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് യുഡിഎഫ് കൺവീനർ എം.എം ഹസ്സന്റെ പ്രതികരണം. നോമിനേഷൻ നടത്തിയത് സർക്കാരാണെന്നും കേരള ബാങ്കിനെതിരായ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു
Adjust Story Font
16