Quantcast

റസാഖിന്‍റെ മരണം; ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്, നാളെ യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ച്

സ്വന്തം വീടും സ്വത്തും സി.പി.എമ്മിന്‍റെ പേരിൽ എഴുതി വെച്ച പാർട്ടി സ്‌നേഹി

MediaOne Logo

Web Desk

  • Published:

    26 May 2023 10:21 AM GMT

Razak Payamprot
X

റസാഖ് പയമ്പ്രോട്ട്

മലപ്പുറം: പുളിക്കല്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ ജീവനൊടുക്കിയ സി.പി.എം പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ടിന്‍റെ മരണത്തില്‍ ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ് ജോയ്. നാളെ രാവിലെ പഞ്ചായത്തിലേക്ക് യു.ഡി. എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജീവന് തുല്യം സ്നേഹിക്കുന്ന പാർട്ടിയിൽ നിന്നും നീതി ലഭിക്കാതെ നിരാശനായി ജീവനൊടുക്കിയ ഈ മനുഷ്യന് നീതി കിട്ടണമെന്നും ജോയ് ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് റസാഖിനെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിൽ സഞ്ചിയുടെ ബാഗും ഒരു ബോർഡും തൂക്കിയിരുന്നു. വീടിന് സമീപം പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിന് പഞ്ചായത്ത് പ്രസിഡന്‍റ് ഒത്താശ ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ജീവനൊടുക്കിയതെന്നാണ് ആക്ഷേപം. മരണത്തിന് ഉത്തരവാദികൾ പുളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റാണെന്ന് സഹോദരൻ ജമാൽ ആരോപിച്ചു.



വി.എസ് ജോയിയുടെ കുറിപ്പ്

ഇത് റസാഖ് പയമ്പ്രോട്ട്.. സി.പി.എമ്മിന്‍റെ സാംസ്കാരിക മുഖം.. പാർട്ടിക്കായി തൂലിക പടവാളാക്കിയ എഴുത്തുകാരൻ,പത്രപ്രവർത്തകൻ.. കവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ മുൻ സെക്രട്ടറി.. സ്വന്തം വീടും സ്വത്തും സി.പി.എമ്മിന്‍റെ പേരിൽ എഴുതി വെച്ച പാർട്ടി സ്‌നേഹി..ഇന്ന് ഒരു തുണ്ട് കയറിൽ സി.പി.എം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ചു..

തന്റെ സഹോദരന്‍റെ മരണത്തിന് കാരണമായ വിഷലിപ്‌തമായ മാല്യന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയിട്ടും ജീവന് തുല്യം സ്നേഹിക്കുന്ന പാർട്ടിയിൽ നിന്നും നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണം.. മരണവും ഒരു സമരമാണ് എന്ന് എഴുതിയ കുറിപ്പും പരാതി കെട്ടുകളടങ്ങിയ ഫയലും കഴുത്തിൽ കെട്ടിയാണ് തൂങ്ങിമരിച്ചത്. ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. നാളെ രാവിലെ പഞ്ചായത്തിലേക്ക് യു.ഡി. എഫിന്‍റെ പ്രതിഷേധ മാർച്ച്..

TAGS :

Next Story