പി.വി അൻവറിനെ തള്ളുകയും കൊള്ളുകയും വേണ്ടെന്ന് യുഡിഎഫ്
സമരപരിപാടികൾ ചർച്ച ചെയ്യാനായി ഇന്നലെ രാത്രിയിൽ ചേർന്ന യുഡിഎഫിന്‍റെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയെ തള്ളുകയും കൊള്ളുകയും വേണ്ടെന്ന് യുഡിഎഫ്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിച്ചാൽ മതിയെന്നാണ് യുഡിഎഫ് തീരുമാനം. സമരപരിപാടികൾ ചർച്ച ചെയ്യാനായി ഇന്നലെ രാത്രിയിൽ ചേർന്ന യുഡിഎഫിന്‍റെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പ്രസ്താവന, പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ 150 കോടി ആരോപണം എന്നിവയുയർത്തി നിരന്തരം പ്രതിപക്ഷത്തെ അവഹേളിച്ച വ്യക്തിയാണ് പി.വി അൻവർ . അതുകൊണ്ടുതന്നെ ഒരു കാരണവശാലും അൻവറിനെ തള്ളുകയോ കൊള്ളുകയോ വേണ്ടെന്നാണ് യുഡിഎഫ് നിലപാട്. അൻവറുമായി ഒരുതരത്തിലുള്ള ആശയവിനിമയവും പാടില്ല. രാഹുൽ ഗാന്ധിക്കെതിരായ അൻവറിന്‍റെ നിലപാടിൽ അയവ് വന്നെങ്കിലും അത് കാര്യമാക്കേണ്ട. അൻവറിന്‍റെ പേര് പറയാതെ തന്നെ അൻവർ ഉയർത്തിയ ആരോപണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുഡിഎഫ് തീരുമാനം.
ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരപരമ്പരകൾ തീർക്കാനാണ് ഇന്നലെ ചേർന്ന യുഡിഎഫിന്‍റെ ഓൺലൈൻ യോഗത്തിൽ തീരുമാനമായത്. സമ്മേളന കാലയളവിൽ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.
Adjust Story Font
16