കേന്ദ്രത്തിനെതിരായ സമരത്തിന് യുഡിഎഫ് ഇല്ല; സഹകരിക്കില്ലെന്ന് സർക്കാറിനെ അറിയിക്കും
സമരത്തോട് യു.ഡി.എഫ് സഹകരിച്ചാൽ കുറ്റക്കാർ കേന്ദ്ര സർക്കാർ മാത്രമായി മാറുമെന്ന് വിലയിരുത്തൽ
കേന്ദ്രത്തിന് എതിരെ സംസ്ഥാന സർക്കാർ നടത്തുന്ന സമരത്തോട് യു.ഡി.എഫ് സഹകരിക്കില്ല. യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷം തീരുമാനം അറിയിക്കുന്നതിന് മുമ്പേ എൽ.ഡി.എഫ് സമരം പ്രഖ്യാപിച്ചത് ശരിയായില്ല.സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സർക്കാരും ഉത്തരവാദികളെന്ന് യു.ഡി.എഫ് വിലയിരുത്തൽ
സമരത്തോട് യു.ഡി.എഫ് സഹകരിച്ചാൽ കുറ്റക്കാർ കേന്ദ്ര സർക്കാർ മാത്രമായി മാറും. അത് സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ വഴിയൊരുക്കുമെന്നും വിലയിരുത്തൽ. തീരുമാനം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിക്കും.
സാമ്പത്തികമായി കേരളത്തെ കേന്ദ്രം ഞെരുക്കുന്നുവെന്ന് സംസ്ഥാന സർക്കാർ നിരന്തരം ഉന്നയിക്കുന്നുണ്ട്. ഈ വിഷയം ഉയർത്തി നേരത്തെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനു പരാതി നൽകാൻ പ്രതിപക്ഷ എം.പിമാരെ സർക്കാർ ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് അഭ്യർത്ഥിച്ച ശേഷം എളമരം കരീം ഉൾപ്പെടെയുള്ളവർ നേരിട്ടു കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതോടൊപ്പം ചേരാൻ പ്രതിപക്ഷ എം.പിമാർ തയാറായിരുന്നില്ല.
കേരളത്തെ കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോൾ അതിനെതിരായ പ്രക്ഷോഭത്തോടൊപ്പം ചേരാൻ പ്രതിപക്ഷം തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ നിരന്തരം ആരോപിച്ചിരുന്നു. നവകേരള സദസ്സിൽ ഉൾപ്പെടെ ആരോപണം ഉയർന്നു.
ഇതിനിടയിലാണു വീണ്ടും പ്രതിപക്ഷത്തെ കൂടെക്കൂട്ടാൻ സർക്കാർ നീക്കം നടത്തുന്നത്. മുഖ്യമന്ത്രിയും എം.പിമാരും എം.എൽ.എമാരുമെല്ലാം ചേർന്ന് ഡൽഹിയിലെത്തി സമരം നടത്താൻ ഇടതുപക്ഷം തീരുമാനിച്ചിട്ടുണ്ട്. ജനുവരിയിൽ തന്നെ പ്രക്ഷോഭം നടക്കുമെന്നാണു വിവരം.
Adjust Story Font
16