Quantcast

സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യബില്ലിന് പിന്നിലുള്ളത് ഗൂഢ താല്പര്യം: വി ശിവൻകുട്ടി

''ഫിനാന്‍ഷ്യൽ മെമ്മോറാണ്ടത്തിൽ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഹൈബി ഈഡൻ കൃത്യമായ ഗൃഹപാഠം നടത്തിയില്ല എന്നാണ് ഇത് കാണിക്കുന്നത്''

MediaOne Logo

Web Desk

  • Published:

    1 July 2023 2:41 PM GMT

സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന  സ്വകാര്യബില്ലിന്  പിന്നിലുള്ളത് ഗൂഢ താല്പര്യം: വി ശിവൻകുട്ടി
X

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിന് പിന്നിലുള്ളത് ഗൂഢ താല്പര്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വിഷയത്തില്‍ കേരളത്തിന് സുവ്യക്തമായ നിലപാടുണ്ട്. ഇക്കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബില്ലിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫിനാന്‍ഷ്യൽ മെമ്മോറാണ്ടത്തിൽ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹൈബി ഈഡൻ കൃത്യമായ ഗൃഹപാഠം നടത്തിയില്ല എന്നാണ് ഇത് കാണിക്കുന്നത്. തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് ഏവർക്കും അറിയാവുന്നതാണ്. കേരളത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടാനുള്ള ഗൂഢനീക്കം ആണോ ഇത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല. കേരളത്തോട് കൂടുതൽ അടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽ ഒക്കെ കേരളത്തിന്‌ സമാനമായ രീതിയിലാണ് തലസ്ഥാനം സ്ഥിതിചെയ്യുന്നത്.

കോൺഗ്രസിന് കേന്ദ്രത്തിലും കേരളത്തിലും ഭരണമുണ്ടായിരുന്ന കാലഘട്ടത്തിൽ ഹൈക്കോടതി ബെഞ്ച് അടക്കമുള്ള സുപ്രധാന ആവശ്യങ്ങളോട് പോലും അനുകൂലമായല്ല പ്രതികരിച്ചത്. സ്വകാര്യ ബില്ല് കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനമാണെന്നത് അത്ഭുതപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ശശിതരൂർ എംപിയുടെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ട് എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

TAGS :

Next Story