ആദ്യ റൗണ്ടിൽ പി.ടിയേക്കാള്‍ ലീഡ് ഉമ തോമസിന്
ആദ്യ റൗണ്ടില്‍ ഉമ തോമസിന്‍റെ ലീഡ് 2000 കടന്നു
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ റൗണ്ടില്‍ ഉമ തോമസിന്‍റെ ലീഡ് 2000 കടന്നു. പി.ടി തോമസിന്‍റെ കഴിഞ്ഞ തവണത്തെ ലീഡിനേക്കാള്‍ കൂടുതലാണ് ഉമ തോമസിന്‍റെ ലീഡ്.
ഒന്നാം റൗണ്ടില്‍ കഴിഞ്ഞ തവണ പി.ടി തോമസിന് 1258 വോട്ടാണ് ലീഡുണ്ടായിരുന്നത്. എന്നാല്‍ ഉമ തോമസ് ആദ്യ റൌണ്ടില്‍ തന്നെ 2157 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കി. യു.ഡി.എഫ് ക്യാമ്പില്‍ ഇതിനകം ആഘോഷം തുടങ്ങി. മഹാരാജാസ് കേന്ദ്രത്തിലെ വോട്ടിങ് സ്റ്റേഷന് മുന്നിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിയത്.
12 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ പോളിങ് ശതമാനം 68.77 ആണ്. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,96,805 ആണ്. 101530 സ്ത്രീ വോട്ടര്‍മാരും 95274 പുരുഷ വോട്ടര്‍മാരുമാണുള്ളത്. വോട്ട് രേഖപ്പെടുത്തിയവരാകട്ടെ 1,35,342 പേരാണ്. 68175 സ്ത്രീകളും 67166 പുരുഷന്മാരും വോട്ട് ചെയ്തു. ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ ഒരാളാണ് വോട്ട് ചെയ്തത്.
11 റൗണ്ടില്‍ 21 ബൂത്ത് വീതവും അവസാന റൗണ്ടില്‍ 8 ബൂത്തും എണ്ണും. ഇടപ്പളളി മേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണുക. രണ്ടാം റൗണ്ടില്‍ മാമംഗലം, പാലാരിവട്ടം, പാടിവട്ടം, വെണ്ണല ബൂത്തുകളിലേക്ക് വോട്ടെണ്ണല്‍ കടക്കും. മൂന്നാം റൗണ്ടില്‍ ചളിക്കവട്ടം, മാമംഗലം ബൂത്തുകളും നാലാം റൗണ്ടില്‍ തമ്മനം, പൊന്നുരുന്നി, കാരണക്കോടം ബൂത്തുകളും അഞ്ചാം റൗണ്ടില്‍ വൈറ്റില മേഖലയിലെ ബൂത്തുകളും എണ്ണും. അവസാന റൗണ്ടില്‍ ചിറ്റേത്തുകര, മാവേലിപുരം ബൂത്തുകളാകും എണ്ണുക.
Adjust Story Font
16