Quantcast

വനിത കമ്മീഷന് ഹരിത ഭാരവാഹികൾ നൽകിയ പരാതി പിൻവലിക്കുന്നതിൽ അവ്യക്തത തുടരുന്നു

ആരോപണ വിധേയരായ എം.എസ്.എഫ് നേതാക്കൾക്കെതിരെ നടപടി ഖേദ പ്രകടനത്തിൽ മാത്രം ഒതുക്കിയതിൽ ഹരിത ഭാരവാഹികൾക്ക് അതൃപ്തിയുണ്ട്

MediaOne Logo

Web Desk

  • Published:

    27 Aug 2021 2:07 AM GMT

വനിത കമ്മീഷന് ഹരിത ഭാരവാഹികൾ നൽകിയ പരാതി പിൻവലിക്കുന്നതിൽ അവ്യക്തത തുടരുന്നു
X

ഹരിത-എം.എസ്.എഫ് തർക്കത്തിൽ പ്രശ്ന പരിഹാരമായി മുസ്‍ലിം ലീഗ് നിലപാട് പ്രഖ്യാപിച്ചെങ്കിലും വനിത കമ്മീഷന് ഹരിത ഭാരവാഹികൾ നൽകിയ പരാതി പിൻവലിക്കുന്നതിൽ അവ്യക്തത തുടരുന്നു . ആരോപണ വിധേയരായ എം.എസ്.എഫ് നേതാക്കൾക്കെതിരെ നടപടി ഖേദ പ്രകടനത്തിൽ മാത്രം ഒതുക്കിയതിൽ ഹരിത ഭാരവാഹികൾക്ക് അതൃപ്തിയുണ്ട് . ഹരിത നേതാക്കൾ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്നും , അവരുടെ കൂടെ അഭിപ്രായം മാനിച്ചാണ് അന്തിമ നിലപാടെടുത്തതെന്നുമാണ് ലീഗ് നേതൃത്വത്തിന്‍റെ നിലപാട്.

ഹരിത വിവാദത്തില്‍ ഒത്തുതീര്‍പ്പ് ലീഗ് നേതൃത്വം അടിച്ചേല്‍പ്പിച്ചതാണെന്നാണ് ആരോപണം. ഹരിത നേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ലീഗ് നേതൃത്വം അംഗീകരിച്ചില്ലെന്നാണ് ഹരിത നേതാക്കളും എം.എസ്.എഫിലെ ഒരു വിഭാഗവും പറയുന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഹരിത നേതാക്കള്‍ കഴിഞ്ഞ ദിവസം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന ലീഗ് നേതൃത്വം പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നെന്ന് പറയുന്നതിനോട് യോജിക്കാനാവില്ലെന്ന് ഇവര്‍ പറയുന്നു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു ഹരിത നേതാക്കളുടെ ആവശ്യം. പക്ഷെ എം.എസ്.എഫ് നേതാക്കള്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്ന് മാത്രമാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചത് പിന്‍വലിക്കുമെന്നും ലീഗ് അറിയിച്ചു. എന്നാല്‍ തങ്ങള്‍ നേരിട്ട അധിക്ഷേപത്തിനും ഇത്രയും നാള്‍ നേരിട്ട മാനസിക സമ്മര്‍ദത്തിനും എന്താണ് പരിഹാരമെന്ന് ഹരിത നേതാക്കള്‍ ചോദിക്കുന്നു. ഖേദപ്രകടനം കൊണ്ടായില്ലെന്നും നവാസ് അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്താല്‍ മാത്രമേ നീതി കിട്ടിയെന്ന് പറയാനാവൂ എന്നുമാണ് ഹരിത നേതൃത്വത്തിന്‍റെ നിലപാട്

TAGS :

Next Story