'ഒമ്പത് ദിവസമല്ല, 10 വർഷം ശിക്ഷ ലഭിച്ചാലും പിറകോട്ടില്ല, കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ': രാഹുല്‍ മാങ്കൂട്ടത്തില്‍
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് വിവാദത്തില്‍ എം.വി ഗോവിന്ദനെ വെല്ലുവിളിച്ച് രാഹുല്‍

തിരുവനന്തപുരം: കറുത്ത കഷ്ണം തുണി കൊണ്ട് ജനാധിപത്യ സമരം നടത്തിയവരാണ് യൂത്ത് കോൺഗ്രസുകാരെന്ന് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ. അതിന്റെ പേരിൽ മർദനമേറ്റു, പൊലീസ് കള്ളക്കേസെടുത്തു, കരുതൽ തടങ്കലിലാക്കി.താനടക്കം ജയിലിൽ പോയെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ഒമ്പത് ദിവസമല്ല, 10 വർഷം ശിക്ഷ ലഭിച്ചാലും പിറകോട്ടില്ല. ജനങ്ങളെ സർക്കാരിൽ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം യൂത്ത് കോൺഗ്രസിനുണ്ട്. എല്ലാ ഏകാധിപതികളും ചരിത്രത്തിൽ തമസ്കരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കേരളത്തിന്റെ അഭിനവ ചക്രവർത്തി ഓർക്കണം'.. രാഹുല്‍ പറഞ്ഞു.
'പൊലീസിലെ ഗുണ്ടാപ്പടയാളികൾക്ക് മുഖ്യമന്ത്രി ഗുഡ് സർവീസ് എൻട്രി നൽകുന്നു.വാർത്ത റിപ്പോർട്ട് ചെയ്തതിന് മാധ്യമപ്രവർത്തകർക്കെതിരെ കേസുകളെടുത്തു.കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. നവകേരളാ സദസ്സ് എന്ന ധൂർത്ത് വണ്ടി കൊണ്ട് എന്ത് നേടിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം'...രാഹുല്‍ പറഞ്ഞു.
എം.വി ഗോവിന്ദന്റെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രസ്താവനയിലും രാഹുല്‍ പ്രതികരിച്ചു. എം.വി ഗോവിന്ദനെ താൻ വെല്ലുവിളിക്കുന്നു. അദ്ദേഹം നിശ്ചയിക്കുന്ന ദിവസം താൻ ചികിത്സയിലുണ്ടായിരുന്ന സ്വകാര്യ മെഡിക്കൽ കോളേജിൽ പോകാം. ചികിത്സാ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കാം. നിരുത്തരവാദപരമായ പ്രസ്താവനയാണ് എം.വി ഗോവിന്ദന്‍റേത്. പിണറായിയെ പാടിപ്പുകഴ്ത്തുന്ന ജോലിയാണ് ഗോവിന്ദന്റേതെന്നും രാഹുല്‍ പറഞ്ഞു.
Adjust Story Font
16