ഏകീകൃത കുർബാനയെച്ചൊല്ലി സംഘർഷം; സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക നിയന്ത്രണം പൊലീസ് ഏറ്റെടുത്തു
തീരുമാനമുണ്ടാകും വരെ പള്ളി അടച്ചിടും
കൊച്ചി: ഏകീകൃത കുർബാനയെ ചൊല്ലി സംഘർഷം ഉണ്ടായ എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക അടച്ചു. പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ആർഡിഒയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ബസിലിക്ക അടച്ചിടും. കുർബാന അർപ്പിക്കാനെത്തിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിമതപക്ഷം രാവിലെ തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്.
ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ഏകീക്യത കുർബാനയെ എതിർക്കുന്ന വിശ്വാസികൾ സെന്റ് മേരീസ് കത്തീഡ്രൽ ബസേലിക്കയുടെ വളപ്പിൽ നിലയുറപ്പിച്ചിരുന്നു. പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടായിരുന്നു പ്രതിഷേധം. ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ പള്ളിയിലേക്ക് കയറ്റാൻ വിമത പക്ഷം തയ്യാറായില്ല.തുടർന്ന് ബിഷപ്പ് കുർബാന അർപ്പിക്കാതെ മടങ്ങി.
ഇതിനിടയിൽ ബിഷപ്പിന് പിന്തുണയുമായി ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവർ എത്തിയതോടെ സംഘർഷം ഉണ്ടായി. ഏകീകൃതകുർബാനയെ അനുകൂലിക്കുന്നവർ അതിരൂപത ആസ്ഥാനത്തെ കൊടിതോരണങ്ങളും കസേരകളും തല്ലിത്തകർത്തു.
സംഘർഷത്തിന് അയവ് വരാത്ത സാഹചര്യത്തിലാണ് പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തത്. പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന് ശുപാർശ ചെയ്യും എന്നും തീരുമാനം ഉണ്ടാകുന്നതുവരെ പള്ളി അടച്ചിടുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ജനാഭിമുഖ കുർബാനയ്ക്കായി പ്രതിഷേധിക്കുന്ന വൈദികരും വിശ്വാസികളുമായി സിനഡ് നിയോഗിച്ച മെത്രാൻ സമിതി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെന്റ് മേരിസ് കത്തീഡ്രലിന് മുന്നിലെ നാടകീയ രംഗങ്ങൾ.
Adjust Story Font
16