Quantcast

ഏക സിവിൽകോഡ് സാംസ്‌കാരിക ഫാസിസത്തിന്റെ രാഷ്ട്രീയ നീക്കം-ജമാഅത്തെ ഇസ്‌ലാമി

''നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഏക സിവിൽകോഡ് നടപ്പാക്കുക എന്നതിനർഥം ആർ.എസ്.എസ് വിഭാവന ചെയ്യുന്ന സവർണ ഹിന്ദുത്വയുടെ കോഡ് നടപ്പാക്കുക എന്നാണ്.''

MediaOne Logo

Web Desk

  • Published:

    14 Dec 2022 1:59 PM GMT

Mi Abdul Azeez
X

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് 

കോഴിക്കോട്: ഏക സിവിൽകോഡ് നിയമം നിർമിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം സാംസ്‌കാരിക ഫാസിസം അടിച്ചേൽപിക്കാനുള്ള രാഷ്ട്രീയനീക്കമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. നിരവധി മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഉൾക്കൊള്ളുന്ന രാജ്യത്ത് വിവിധ ജനവിഭാഗങ്ങൾ വ്യത്യസ്ത സിവിൽകോഡുകളാണ് പിന്തുടരുന്നത്. വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങളും വിവിധ ഗോത്രനിയമങ്ങളുമെല്ലാം വ്യത്യസ്തമാണ്. ഇതെല്ലാം ഏകോപിപ്പിച്ച് ഒന്നാക്കുന്നത് ഭരണഘടന നൽകുന്ന വിശ്വാസസ്വാതന്ത്ര്യത്തിനും രാജ്യത്തെ വൈവിധ്യങ്ങൾക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഏക സിവിൽകോഡ് നടപ്പാക്കുക എന്നതിനർഥം ആർ.എസ്.എസ് വിഭാവന ചെയ്യുന്ന സവർണ ഹിന്ദുത്വയുടെ കോഡ് നടപ്പാക്കുക എന്നാണ്. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, യു.പി അടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നു. ഭരണഘടന വ്യക്തികൾക്ക് വകവച്ചുനൽകുന്ന മൗലികാവകാശങ്ങളിൽപെട്ടതാണ് മതം ആചരിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യുകയാണ് ഏക സിവിൽകോഡ് നിയമമെന്നും എ.ഐ അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി.

രാജ്യത്ത് അതതു കാലങ്ങളിൽ രൂപപ്പെട്ടുവരുന്ന വ്യക്തിനിയമങ്ങളും യൂനിഫോം കോഡുകളും മതങ്ങൾക്കും വ്യക്തികൾക്കും വകവച്ചുനൽകുന്ന മൗലികാവകാശങ്ങളെ തള്ളിക്കളയുന്നതാകരുത്. മറിച്ച് വ്യക്തികളുടെ മൗലികാവകാശത്തിനു വിധേയമായി വ്യക്തിനിയമവും യൂനിഫോം കോഡുമെല്ലാം നിർണയിക്കണം. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെയും ബഹുസ്വരതയെയും തകർത്ത് ഏക സിവിൽകോഡ് നിയമം അടിച്ചേൽപിക്കാനുള്ള സംഘ്പരിവാർ രാഷ്ട്രീയനീക്കത്തിനെതിരെ ജനാധിപത്യ സമൂഹവും മതേതരസമൂഹവും രംഗത്തുവരണമെന്നും അമീർ ആവശ്യപ്പെട്ടു.

Summary: ''The central government's move to create a Uniform Civil Code is a political move to impose cultural fascism'', Says Jamaat-e-Islami Hind Kerala Ameer MI Abdul Azeez

TAGS :

Next Story