Quantcast

പരിഷ്കരിച്ച ആരാധനക്രമം നടപ്പിലാക്കുമെന്ന് സഭ സിനഡ്; അംഗീകരിക്കില്ലെന്ന് അതിരൂപത സംരക്ഷണസമിതി

പരിഷ്കരിച്ച ആരാധനക്രമം സിനഡില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ ഐക്യകണ്ഠേന അംഗീകരിച്ചതായാണ് സഭ നേതൃത്വം അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    28 Aug 2021 1:44 AM GMT

പരിഷ്കരിച്ച ആരാധനക്രമം നടപ്പിലാക്കുമെന്ന് സഭ സിനഡ്; അംഗീകരിക്കില്ലെന്ന് അതിരൂപത സംരക്ഷണസമിതി
X

സിറോ മലബാര്‍ സഭയിലെ പരിഷ്കരിച്ച ആരാധനാക്രമം നവംബര്‍ അവസാനം മുതല്‍ നടപ്പിലാക്കുമെന്ന് സഭ സിനഡ്. ഭൂരിഭാഗം സമയവും ജനാഭിമുഖമായി കുർബാന നടത്തും. തീരുമാനം സഭയില്‍ വിഭാഗീയതയും പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് അതിരൂപതാ സംരക്ഷണ സമിതി ആരോപിച്ചു.

പരിഷ്കരിച്ച ആരാധനക്രമം സിനഡില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ ഐക്യകണ്ഠേന അംഗീകരിച്ചതായാണ് സഭ നേതൃത്വം അറിയിച്ചത്. ആമുഖശുശ്രൂഷയും വചനശുശ്രൂഷയും സമാപനശുശ്രൂഷയും ജനാഭിമുഖമായിരിക്കും നിര്‍വഹിക്കുക. അതേസമയം കുര്‍ബാനയുടെ പ്രധാനഭാഗമായ അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായി നിര്‍വഹിക്കും. 2021 നവംബർ 28 മുതല്‍ പുതിയ രീതി നടപ്പിലാക്കാനാണ് തീരുമാനം. ജനാഭിമുഖ കുര്‍ബാനയ്ക്കു വേണ്ടി വാദിച്ച പിതാക്കന്മാരുടെ വാക്കുകള്‍ അവഗണിച്ച് കൊണ്ടാണ് സിനഡിന്‍റെ തീരുമാനമെന്ന് അതിരൂപത സംരക്ഷണസമിതി ആരോപിച്ചു.

ഏതാനും ചില മെത്രാന്മാരുടെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. ജനാഭിമുഖ കുര്‍ബാനയെ പിന്തുണയ്ക്കുന്ന പിതാക്കന്മാരും വൈദികരും വിശ്വാസികളും ഒത്തൊരുമിച്ച് മാര്‍പാപ്പയ്ക്ക് പരാതി നൽകാനും തീരുമാനമെടുത്തിട്ടുണ്ട്. ജനാഭിമുഖ കുര്‍ബാന തുടരണമെന്നാവശ്യപ്പെട്ട് 466 വൈദികര്‍ ഒപ്പിട്ട നിവേദനം സഭ നേതൃത്വത്തിന് നേരത്തെ സമര്‍‌പ്പിച്ചിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയെ കൂടാതെ തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്. മാനന്തവാടി, തലശ്ശേരി രൂപതകളാണ് നിലവില്‍ പൂര്‍ണമായ ജനാഭിമുഖ കുര്‍ബാന നടത്തുന്നത്.

TAGS :

Next Story