മുൻ എസ്എഫ്ഐ നേതാവിന് മാർക്ക്ദാനം: മാർക്ക്‌ലിസ്റ്റ് പിൻവലിക്കാൻ കാലിക്കറ്റ് വിസിയുടെ നിർദേശം
കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറായ കെ. ഡയാനയ്‍ക്ക് മാര്‍ക്ക് കൂട്ടിനല്‍കിയെന്നാണ് ആരോപണം ഉയർന്നത്
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ മാർക്ക്ദാന വിവാദത്തില്‍ ഇടപെടലുമായി വിസി. മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ വൈസ് ചാന്‍സലര്‍ നിർദേശം നൽകി. മുൻ എസ്എഫ്ഐ നേതാവിന് മാർക്ക് കൂട്ടിനൽകിയെന്ന പരാതിയിലാണു നടപടി.
മാർക്ക് രേഖകളിൽ മാറ്റംവരുത്താൻ പരീക്ഷാ കൺട്രോളർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. കൂട്ടിനൽകിയ മാർക്ക് പിൻവലിക്കണമെന്ന ചാൻസലറുടെ ഉത്തരവ് പ്രകാരമാണ് നടപടി.
കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറായ കെ. ഡയാനയ്‍ക്ക് മാര്‍ക്ക് കൂട്ടിനല്‍കിയെന്നാണ് ആരോപണം ഉയർന്നത്. ഡയാനയ്ക്ക് അധ്യാപകർ ഇൻ്റേണലിൽ 17 മാർക്ക് കൂട്ടി നൽകിയെന്നാണ് പരാതി. മാര്‍ക്ക് കൂട്ടിനല്‍കിയത് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നേരത്തെ റദ്ദാക്കിയിരുന്നു. മാർക്ക് കൂട്ടി നൽകിയത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ നടപടി.
ചിട്ടയായി ഹാജർ രേഖപ്പെടുത്താത്തതിന്റെ പേരിൽ തടഞ്ഞുവച്ച മാർക്കാണ് എസ്എഫ്ഐ നേതാവിന് അധികമായി നൽകിയതെന്നായിരുന്നു സർവകലാശാലയുടെ വാദം. എന്നാല്‍, വിശദീകരണം തള്ളിയ ചാന്‍സലര്‍, മാർക്ക് അനുവദിച്ച തീരുമാനം അടിയന്തരമായി പിൻവലിക്കാൻ സർവകലാശാലയ്ക്ക് നിർദേശം നൽകുകയായിരുന്നു..
Summary: University of Calicut VC instructs to withdraw former SFI leader's marklist in mark donation controversy
Adjust Story Font
16