'ഡിസാസ്റ്റർ ടൂറിസം അനുവദിക്കില്ല'; വയനാട്ടിലേക്കുള്ള അനാവശ്യയാത്ര ഒഴിവാക്കണം - മന്ത്രി റിയാസ്
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദർശനവും വിഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതും ദുരിതബാധിതരുടെ സ്വകാര്യതയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദുരന്തമേഖല സന്ദർശിക്കുന്നതിന് ടൂറിസ്റ്റുകളെ പോലെ എത്തുന്നവർ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. ഇത്തരം വാഹനങ്ങൾ തടയേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദർശനവും വേണ്ട. ഇത്തരം സന്ദർശനങ്ങൾ ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെയും ശുചിത്വത്തെയും ക്യാമ്പിൽ കഴിയുന്നവരുടെ സ്വകാര്യതയെയും ബാധിക്കുകയാണ്. സന്ദർശനം ഒഴിവാക്കി രക്ഷാപ്രവർത്തകരോടൊപ്പം മനസ്സു ചേർന്നു നിൽക്കുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ഓരോരുത്തരും ചെയ്യേണ്ടത്. രക്ഷാപ്രവർത്തകർക്കും ദുരിത ബാധിതർക്കുമുള്ള ഭക്ഷണം കൃത്യമായി എത്തിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിലേക്കും മറ്റും ഭക്ഷണവുമായി വലിയ സംഘങ്ങൾ എത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16