നികുതി പരിഷ്കരണത്തിൽ അശാസ്ത്രീയത; ബിജെപി ഭരണസമിതിക്കെതിരെ പാർട്ടി കൗൺസിലർ തന്നെ രംഗത്ത്
ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലാണ് കൗൺസിലറുടെ കരുനീക്കം
പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ ഭരണസമിതിക്കെതിരെ പാർട്ടി കൗൺസിലർ തന്നെ രംഗത്ത്. നഗരസഭയിലെ വസ്തു നികുതി പരിഷ്കരണം അശാസ്ത്രീയമായി നടപ്പാക്കിയെന്ന് ആരോപിച്ചാണ് ബിജെപി കൗൺസിലർ കെ.വി പ്രഭ രംഗത്തുവന്നത്. 2020 അധികാരത്തിൽ വന്ന ബിജെപി ഭരണസമിതി യാതൊരു ശാസ്ത്രീയ പഠനവും നടത്താതെയാണ് നികുതി പരിഷ്കരണം നടപ്പാക്കിയതെന്നാണ് കൗൺസിലർ ഉന്നയിക്കുന്ന ആരോപണം.
ഇതിൽ സംഭവിച്ച പിഴവുമൂലം കെട്ടിട ഉടമകൾ ഭാരിച്ച നികുതി നഗരസഭയിൽ അടയ്ക്കേണ്ടി വരുന്നതായും കെ.വി പ്രഭ ആരോപിച്ചു. നാളെ ജില്ലയിൽ തദ്ദേശ അദാലത്ത് നടക്കാനിരിക്കെയാണ് കൗൺസിലർ രംഗത്തെത്തിയത്. വിഷയം അദാലത്തിൽ വിഷയം ഉന്നയിക്കുമെന്ന് സൂചനയുണ്ട്.
നഗരസഭയിൽ മാസങ്ങൾക്കുമുമ്പ് നടന്ന കേന്ദ്ര സർക്കാരിന്റെ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ (അർബൻ വെൽനെസ് സെന്റർ) ഉദ്ഘാടന ചടങ്ങിലും ബിജെപി അംഗങ്ങൾ തമ്മിലുളള ചേരിപ്പോര് രൂക്ഷമായിരുന്നു. കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനമായിട്ടും സ്ഥലം എംഎൽഎയേയോ സംസ്ഥാന ആരോഗ്യ മന്ത്രിയേയോ ചടങ്ങിന് വിളിച്ചിരുന്നില്ല. എന്നാൽ അവരെ ക്ഷണിച്ചതായി വ്യാജ വാർത്ത നൽകുകയും ചെയ്‌തു. ഇതാണ് ഭരണകക്ഷികൾ തമ്മിലുളള പോരിന് വഴിവെച്ചത്. കേന്ദ്ര മന്ത്രി വി. മുരളീധരനായിരുന്നു അന്നത്തെ പരിപാടിയുടെ ഉദ്ഘാടകൻ.
2021ൽ ഭരണസമിതി പിരിച്ചുവിടാൻ നഗരസഭാ സെക്രട്ടറി ഓംബുഡ്സ്മാന്‍റെ ഉപദേശം തേടിയതിനെ തുടർന്ന് പന്തളം നഗരസഭ യോഗവും വിവാദത്തിലാവുകയും പ്രതിപക്ഷം ഇറങ്ങിപോവുകയും ചെയ്തിരുന്നു. ബിജെപി ഭരിക്കുന്ന നഗരസഭയ്ക്ക് നിയമപരമായി യോഗം ചേരാൻ കഴിയില്ലെന്ന് ആരോപിച്ചണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. എന്നാല്‍, കൗൺസിൽ ചേരുന്നത് മരവിപ്പിച്ച നിർദ്ദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് ഭരണസമിതി നൽകിയ വിശദീകരണം.
Adjust Story Font
16