ഗവർണറുടെ അന്ത്യശാസനത്തെ എതിർത്ത് വി.സിമാർ ഹൈക്കോടതിയിലേക്ക്; നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും
കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലയിലെ വി.സിമാർ ഇന്ന് കൊച്ചിയിലെത്തും
കൊച്ചി: ഗവർണറുടെ അന്ത്യശാസനത്തെ എതിർത്ത് സർവ്വകലാശാല വി.സിമാർ ഹൈക്കോടതിയെ സമീപിക്കും. ഗവർണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് വി.സിമാരുടെ തീരുമാനം. വി.സിമാർ നിയമവിദഗ്ധരുമായും കൂടിക്കാഴ്ച് നടത്തും. ഇന്ന് കൊച്ചിലാണ് നിയമവിദഗ്ധരുമായുള്ള കൂടിക്കാഴ്ച.
കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലയിലെ വി.സിമാരാണ് ഇന്ന് കൊച്ചിയിൽ എത്തിച്ചേരുക. ഇവരുടെ സ്റ്റാൻഡിങ് കൗൺസിലർമാരെല്ലാം കൊച്ചിയിലാണുള്ളത്. ഇവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഗവർണറുടെ അസാധാരണ നടപടിയെ എതിർത്ത് വി.സിമാർ ഹൈക്കോടതിയെ സമീപിക്കുക. കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ, കാലിക്കറ്റ് സർവകലാശാല വി.സി എം.കെ ജയരാജൻ, കേരള സർവകലാശാല വി.സി വി.പി മഹാദേവൻ പിള്ള എന്നിവരാണ് നിലവിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന നൽകിയിരിക്കുന്നത്. എ.ജിയുമായി ഇവർ കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കൂടിക്കാഴ്ച നടത്താൻ പദ്ധതിയില്ലെന്നാണ് എ.ജിയുടെ വിശദീകരണം. പക്ഷേ ദീപാവലി ആയതിനാൽ ഹൈക്കോടതി അവധിയായത് വി.സിമാർക്ക് തിരിച്ചടിയായേക്കും. സ്റ്റാൻഡിങ് കൗൺസിലർമാർ വഴി ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിക്കാനാകും വി.സിമാരുടെ തീരുമാനം.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. ഇന്ന് രാവിലെ 11.30ന് മുമ്പ് ഒമ്പത് വി.സിമാരും രാജിവെക്കണമെന്നാണ് ആവശ്യം. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഇപ്പോൾ ഒമ്പത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.
ഗവർണർക്കെതിരെ തുറന്ന പോരാട്ടത്തിന് ഇന്നലെ ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. രാജ്ഭവൻ ധർണ അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും എൽഡിഎഫ് യോഗത്തിൽ ധാരണയായി. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതവും അസാധാരണവുമായ കടുത്ത നീക്കവുമായി ഗവർണർ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഗവർണർക്ക് കീഴടങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് സർക്കാരിന്റെ നിലപാട്.
Adjust Story Font
16