Quantcast

'SFIO അന്വേഷണം പ്രഹസനം, എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ടും അഭ്യാസവും': വി.ഡി സതീശൻ

ഇത് തെരഞ്ഞെടുപ്പിന് മുമ്പ് കാണിക്കുന്ന അഭ്യാസവും ഷോയുമാണെന്നും സതീശൻ

MediaOne Logo

Web Desk

  • Updated:

    2024-10-13 11:01:26.0

Published:

13 Oct 2024 9:33 AM GMT

vd satheesan
X

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ മൊഴിയെടുത്തതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എസ്എഫ്ഐഒ അന്വേഷണം തന്നെ പ്രഹസനമാണെന്നും എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും നേരത്തേയും തെരഞ്ഞെടുപ്പ് കാലത്ത് ഇതുപോലെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊന്നും സിപിഎം- ബിജെപി ബാന്ധവം മറയ്ക്കാനാകില്ലെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം പ്രഖ്യാപിച്ച് 10 മാസം ആയി. ചോദ്യം ചെയ്യൽ ഇതിൻ്റെ ഭാഗമാണ്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം തന്നെ പ്രഹസനമാണ്. ഇതില്‍ പുതുതായി ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പല കേസുകളിലും ഇതുവരെ ഉണ്ടായിരിക്കുന്നതെല്ലാം വെറും പ്രഹസനമാണ്. ഈ കേസിലും അത് ആവര്‍ത്തിക്കും. ഇത് തന്നെ കരുവന്നൂർ കേസിലും പറഞ്ഞതാണ്. സിപിഎമ്മിന്റെ പ്രധാന നേതാക്കളെ എല്ലാം കേസുമായി ബന്ധപ്പെട്ട് വിളിച്ചു. ഇപ്പോള്‍ അറസ്റ്റ് ചെയ്യും എന്നൊക്കെ തോന്നും. ഇഡി പിടിമുറുക്കുന്നുവെന്ന് പറഞ്ഞിട്ടും എന്തായി?. കരുവന്നൂര്‍ കേസിലും സുരേന്ദ്രന്റെ രണ്ട് കേസിലുമെല്ലാം ചെയ്തത് ഈ കേസിലും ആവര്‍ത്തിക്കും. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടക്കുന്ന കാര്യങ്ങളാണിത്. ഇത് തെരഞ്ഞെടുപ്പിന് മുമ്പ് കാണിക്കുന്ന അഭ്യാസവും ഷോയുമാണെന്നും സതീശൻ വ്യക്തമാക്കി.

മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിൽവെച്ച് വീണയുടെ മൊഴിയെടുത്തിരുന്നു. എസ്എഫ്ഐഒ കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമായിരുന്നു മൊഴിയെടുപ്പ് നടപടി.

ടി. വീണക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകൾ പുറത്ത് വന്നിരുന്നു. ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) 1.72 കോടി രൂപ നൽകിയതിന്‍റെ രേഖകളാണ് പുറത്തുവന്നത്.

2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സിഎംആർഎൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തുകയും ചെയ്തിരുന്നു.

TAGS :

Next Story