"പൊലീസിന് മൈക്കിനെതിരെ കേസെടുക്കാനാണ് നേരം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളൊന്നും അവർക്കറിയേണ്ട"; വി.ഡി സതീശൻ
"ആലുവയിലെ സംഭവം തന്നെ വെളുപ്പാൻ കാലത്ത് ആരോ ചാക്കുകെട്ട് കണ്ട് വിളിച്ചു പറഞ്ഞതാണ്, പൊലീസിനെ മുഖ്യമന്ത്രിയുടെ ഒരു സംഘം ഹൈജാക്ക് ചെയ്ത് അവിടെയിരുന്ന് നിയന്ത്രിക്കുകയാണ്"
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണെന്നും പൊലീസ് ഇതിൽ ജാഗ്രത പാലിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.
"ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ജിഷ കൊലപാതകത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ സർക്കാരാണ് നാട് ഭരിക്കുന്നത്. ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം പോലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കൊലപാതകങ്ങൾ വർധിച്ചു വരികയാണ് നാട്ടിൽ. എന്നാൽ പൊലീസിന് ഇതിനൊന്നും സമയമമില്ല. അവർക്ക് മൈക്കിനെതിരെ കേസെടുക്കാനാണ് നേരം. രാഷ്ട്രീയമായി പൊലീസിനെ ദുരുപയോഗം ചെയ്യുന്നതിന്റെ പ്രശ്‌നമാണിതൊക്കെ. പൊലീസിന് ജാഗ്രതയില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ സുരക്ഷ ആര് ഉറപ്പാക്കും എന്ന അരക്ഷിതാവസ്ഥയാണ് ഉണ്ടാവുന്നത്. എന്ത് സുരക്ഷയാണ് സർക്കാരിന് കൊടുക്കാനാവുക?"
"ആലുവയിലെ സംഭവമെങ്കിലും സർക്കാരിന്റെ കണ്ണ് തുറപ്പിക്കണം. അമിതമായ ലഹരി ഉപയോഗത്തിനും മദ്യത്തിനുമൊക്കെ സർക്കാർ തന്നെയാണ് കുട പിടിച്ചു കൊടുക്കുന്നത്. അപകടകരമായ ഒരു അവസ്ഥയിലേക്കെത്തിച്ചേർന്നിരിക്കുകയാണ് സംസ്ഥാനം. ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി എന്ന് കേൾക്കുമ്പോൾ കാണിക്കേണ്ട ജാഗ്രത പൊലീസ് ഇന്നലെ കാണിച്ചിട്ടില്ല. പൊലീസിന്റെ ഹൈരാർക്കി തകർന്നു എന്ന് തന്നെ പറയണം. പൊലീസിനെ മുഖ്യമന്ത്രിയുടെ ഒരു സംഘം ഹൈജാക്ക് ചെയ്ത് അവിടെയിരുന്ന് നിയന്ത്രിക്കുകയാണ്. അവരുടെ ദാസ്യവേല ചെയ്യുന്നവരായി കേരള പൊലീസ് അധഃപതിച്ചു. ആലുവയിലെ സംഭവം തന്നെ വെളുപ്പാൻ കാലത്ത് ആരോ ചാക്കുകെട്ട് കണ്ട് വിളിച്ചു പറഞ്ഞതാണ്. കുട്ടിയെ കാണാതാകുമ്പോൾ തന്നെ ആലുവയിലെ മുഴുവൻ പൊലീസിനെയും ഇറക്കേണ്ടതല്ലേ... മുഖ്യമന്ത്രി ഒരു ജില്ല സന്ദർശിക്കുമ്പോൾ 1000 പൊലീസുകാരെ നിയോഗിക്കാറുണ്ടല്ലോ. ഇന്നലെ ആ കുഞ്ഞിനെ ആര് അന്വേഷിച്ചു. പൊലീസ് നടത്തേണ്ട ഒരു പരിശോധനയും ഇന്നലെ അവിടെ നടത്തിയിട്ടില്ല. പൊലീസ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു". സതീശൻ പറഞ്ഞു.
Adjust Story Font
16