ഓണമുണ്ണാന്‍ മന്ത്രിയപ്പൂപ്പന്‍ വരുമോ? രണ്ടാം ക്ലാസുകാരി ക്ഷണിച്ചപ്പോള്‍ ഓടിയെത്തി മന്ത്രി; വീഡിയോ
മുള്ളറംകോട് സർക്കാർ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഓണം ആഘോഷിച്ചത്
പ്രളയത്തിനും കോവിഡിനു ശേഷമുള്ള ഓണം ഗംഭീരമായി തന്നെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് കേരളം. എങ്ങും ആഘോഷങ്ങള്‍, ഓണക്കളികള്‍,പൂക്കളങ്ങള്‍...മലയാളി സന്തോഷത്തിലാണ്. സ്കൂളുകളിലെ ഓണാഘോഷങ്ങള്‍ ഇന്നലത്തോടു കൂടി സമാപിച്ചു. ഓണപ്പൂക്കളമിട്ട്, സദ്യയുണ്ട് കുരുന്നുകള്‍ ഓണം ആഘോഷിച്ചു. മുള്ളറംകോട് സർക്കാർ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഓണം ആഘോഷിച്ചത്.
സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിനി മീനാക്ഷി 'മന്ത്രി അപ്പൂപ്പൻ ഞങ്ങൾക്കൊപ്പം ഓണമുണ്ണാൻ വരാമോ' എന്ന് കത്തെഴുതി ചോദിച്ചതോടെയാണ് മന്ത്രി സ്‌കൂളിലെ ഓണാഘോഷത്തിന് എത്തിയത്. സ്ക്കൂളിൽ മന്ത്രിയെത്തിയപ്പോൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരേ പോലെ കൗതുകമായി. കഴിഞ്ഞ ദിവസമാണ് മന്ത്രി വി ശിവന്‍കുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. 'പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?' എന്നു തുടങ്ങുന്ന കത്ത് അയച്ചത് തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവ. എല്‍പിഎസിലെ രണ്ടാം ക്ലാസുകാരാണ്. എല്ലാവര്‍ക്കും വേണ്ടി കത്തെഴുതിയത് മീനാക്ഷി എന്ന വിദ്യാര്‍ഥിനിയായിരുന്നു.
കത്ത് പങ്കുവെച്ചു കൊണ്ട് മന്ത്രി ഫേസ്ബുക്കിൽ മറുപടിയും നൽകിയിരുന്നു. "എനിക്ക് ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവ. എൽ പി എസിലെ രണ്ടാം ക്ലാസ്സുകാർ എന്നെ അവരുടെ സ്കൂളിലെ ഓണാഘോഷത്തിന് ക്ഷണിച്ചിരിക്കുകയാണ്. അവരയച്ച കത്തെനിക്ക് കിട്ടി. നാളെയാണ് സ്കൂളിലെ ഓണാഘോഷം. കുഞ്ഞുങ്ങളെ ഞാൻ നാളെ വരും. നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാൻ…എന്ന് സ്വന്തം മന്ത്രി അപ്പൂപ്പൻ" മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Adjust Story Font
16