ഇതൊക്കെ 40 വര്‍ഷമായി അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതല്ലേ? ബാധിച്ചിട്ടേയില്ല: വി ശിവന്‍കുട്ടി
എതിരാളികളുടെ പരിഹാസമൊന്നും ശ്രദ്ധിക്കാറില്ല, ചെയ്തുകാണിക്കുമെന്ന് വി ശിവന്‍കുട്ടി
നിയുക്ത വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഏറെ ആത്മവിശ്വാസത്തിലാണ്. നേമത്തെ ഒരേയൊരു ബിജെപി അക്കൌണ്ട് പൂട്ടി ഹീറോ ആയാണ് ശിവന്‍കുട്ടി നിയമസഭയിലെത്തിയത്. എന്നാല്‍ അദ്ദേഹമാണ് വിദ്യാഭ്യാസമന്ത്രിയെന്ന വാര്‍ത്ത വന്നതോടെ പഴയ ചിത്രങ്ങളൊക്കെ ട്രോളന്മാര്‍ കുത്തിപ്പൊക്കി. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കെ എം മാണിയുടെ ബജറ്റ് അവതരണ വേളയിലുണ്ടായ കോലാഹലങ്ങളാണ് കൂടുതലും കുത്തിപ്പൊക്കിയത്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നതേയില്ല എന്നാണ് ശിവന്‍കുട്ടിയുടെ മറുപടി.
"ഏതാണ് വകുപ്പെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഏത് വകുപ്പ് ആയാലും കഴിഞ്ഞ 40 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ്, മേയര്‍, എംഎല്‍എ തുടങ്ങിയ നിലയിലുള്ള പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുപോകും. എതിരാളികളുടെ പരിഹാസമൊന്നും ശ്രദ്ധിക്കാറില്ല. 40 വര്‍ഷക്കാലമായി കണ്ടുകൊണ്ടിരിക്കുന്നതല്ലേ. സോഷ്യല്‍ മീഡിയയിലും ഒരു കൂട്ടര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതൊന്നും ഒരു പ്രശ്നമല്ല. ബാധിച്ചിട്ടേയില്ല. നമ്മള്‍ കാര്യങ്ങള്‍ ചെയ്തുകാണിക്കുക എന്നതു മാത്രമേയുള്ളൂ"- വി ശിവന്‍കുട്ടി പ്രതികരിച്ചു.
സത്യപ്രതിജ്ഞക്ക് മുന്നോടിയായി വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തേക്ക് പോയി. ഇന്ന് വൈകീട്ട് 3.30നാണ് സത്യപ്രതിജ്ഞ. കോവിഡ് സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ക്ഷണിക്കപ്പെട്ട 500 പേര്‍ക്കുള്ള ഇരിപ്പിടം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരുക്കിയിട്ടുണ്ട്.
Adjust Story Font
16