'പി.യു ചിത്ര...കേരളത്തിന്റെ അഭിമാനം'; പി.ടി ഉഷയെ ട്രോളി വി.ശിവൻകുട്ടി
ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കഴിഞ്ഞ ദിവസം പി.ടി ഉഷ വിമർശിച്ചിരുന്നു.
തിരുവനന്തപുരം: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ വിമർശിച്ച ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷപി.ടി ഉഷയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലയാളി അത്‌ലറ്റ് പി.യു ചിത്രയുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് മന്ത്രിയുടെ പരിഹാസം.
''പി.യു ചിത്ര...കുട്ടികൾക്ക് പ്രചോദനമേകുന്ന മികച്ച കായിക താരങ്ങളിൽ ഒരാൾ. കേരളത്തിന്റെ അഭിമാനം''-ഇതാണ് മന്ത്രിയുടെ കുറിപ്പ്.
2017-ലെ ലണ്ടൻ ലോക അത്‌ലറ്റിക്് ചാമ്പ്യൻഷിപ്പിൽ പി.യു ചിത്രയെ തഴഞ്ഞതിന് പിന്നിൽ പി.ടി ഉഷയാണെന്ന് അന്ന് ആരോപണമുയർന്നിരുന്നു. ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടിയതിന് പിന്നാലെയാണ് പി.യു ചിത്ര ലോക ചാമ്പ്യൻഷിപ്പിൽനിന്ന് തഴയപ്പെട്ടത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടേത് എന്ന നിരീക്ഷണം വന്നപ്പോൾ ചിത്രയെ ഒഴിവാക്കാമെന്ന നിർദേശത്തെ പി.ടി ഉഷയും അനുകൂലിച്ചുവെന്ന് അത്‌ലറ്റിക് ഫെഡറേഷൻ സെലക്ഷൻ സമിതി അധ്യക്ഷൻ രൺധാവ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു.
ഗുസ്തി താരങ്ങളുടെ സമരം കായികരംഗത്തിനും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമാണ് എന്നായിരുന്നു പി.ടി ഉഷ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉഷയുടെ പ്രസ്താവനക്കെതിരെ ബജ്‌റംഗ് പുനിയ അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. പി.ടി ഉഷയിൽനിന്ന് ഇത്രയും കടുത്ത പ്രതികരണം പ്രതീക്ഷിച്ചില്ലെന്നായിരുന്നു ബജ്‌റംഗ് പുനിയയുടെ വാക്കുകൾ.
Adjust Story Font
16