വാക്സിന്‍ ക്ഷാമം; തൃശൂരില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ നിര്‍ത്തും
വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ക്യാമ്പ് പുന:രാരംഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
തൃശൂർ ജില്ലയിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും. വാക്സിന്‍ ലഭ്യതക്കുറവു മൂലമാണ് ജവഹര്‍ ബാലഭവന്‍, തൃശൂര്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലായി നടന്നു വരുന്ന വാക്സിനേഷന്‍ ക്യാമ്പുകള്‍ വെള്ളിയാഴ്ച മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ക്യാമ്പ് പുന:രാരംഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ റീന അറിയിച്ചു.
തൃശൂര്‍പൂരം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ദേവസ്വവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെഗാ വാക്സിനേഷന്‍ ക്യാമ്പിലൂടെ വാക്സിന്‍ നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍റെ കൂടുതല്‍ ഡോസുകള്‍ അടിയന്തരമായി അനുവദിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്സിന്‍ ക്ഷാമമുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മെഗാ ക്യാംപ് മുടങ്ങിയിരുന്നു. രാവിലെ 11നു ശേഷം വാക്സിനെടുക്കാനെത്തിയവരെ തിരിച്ചയക്കുകയാണ് ചെയ്തത്.
കോവാക്സിന്‍ എടുത്തവര്‍ക്ക് സംസ്ഥാനത്തിന്‍റെ പല ഭാഗത്തും രണ്ടാം ഡോസ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് വാക്സിൻ ലഭിച്ചില്ലെങ്കിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തേണ്ടിവരുമെന്ന ആശങ്കയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രകടിപ്പിക്കുന്നത്.
സംസ്ഥാനത്ത് രണ്ടു ദിവസത്തേക്ക് കൂടി നൽകാനുള്ള കോവിഡ് വാക്സിൻ മാത്രമെയുള്ളൂവെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടുതൽ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ട വാക്സിന്‍റെ ചെറിയൊരു ശതമാനം മാത്രമാണ് കേന്ദ്രം കഴിഞ്ഞ ദിവസം അനുവദിച്ചത്. ഒരാഴ്ചത്തേക്കെങ്കിലുമുള്ള വാക്സിന്‍ എത്തിയാല്‍ മാത്രമാണ് ക്യാമ്പുകള്‍ കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ കഴിയൂ എന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
Adjust Story Font
16