'ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പ്, വടകരക്കാർ സമാധാനത്തിനായി വോട്ടുചെയ്യണം': ഷാഫി പറമ്പിൽ
ബോംബ് ഉൾപ്പടെയുള്ള രാഷ്ട്രീയത്തിനെതിരെ സമാധാനത്തിന് വേണ്ടി വോട്ടുചെയ്യണമെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു.
പാലക്കാട്: ഇന്ത്യ മഹാരാജ്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി ചെയ്യുന്ന ഓരോ വോട്ടും രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള കരുത്തായി മാറും. ഈ നാടിന്റെ ഐക്യവും സാഹോദര്യവും നിലനിർത്താൻ നടത്തുന്ന വോട്ടെടുപ്പ് എന്ന നിലക്ക് 20 പാർലമെന്റ് മണ്ഡലങ്ങളിലും ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണമെന്നും പോളിംഗ് ബൂത്തിലേക്ക് പോകുന്നവർ ഇക്കാര്യം ഓർക്കണമെന്നും ഷാഫി ഓർമിപ്പിച്ചു.
"ഈ നാട്ടിലെ രണ്ടു ഭരണകൂടങ്ങളും ജനങ്ങളെ വല്ലാതെ വെറുപ്പിച്ചിരിക്കുകയാണ്. ഭരണകൂടങ്ങളോടുള്ള പ്രതിഷേധം അറിയിക്കാനുള്ള അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. വടകരയിലെ ജനങ്ങൾ സമാധാനപരമായ ജീവിതവും സ്വസ്ഥമായ രാഷ്ട്രീയ പ്രവർത്തനവും ആഗ്രഹിക്കുന്നവരാണ്. ബോംബ് ഉൾപ്പടെയുള്ള രാഷ്ട്രീയത്തിനെതിരെ സമാധാനത്തിന് വേണ്ടി കൈപ്പത്തിക്ക് വോട്ടുചെയ്യണം"; ഷാഫി ജനങ്ങളോട് അഭ്യർത്ഥിച്ചു.
വർഗീയ പ്രചാരണം നടത്തുന്നുവെന്ന് കാട്ടി എൽഡിഎഫ് നൽകിയ പരാതി ഹീനമായ പ്രവർത്തിയെന്ന് ഷാഫി പ്രതികരിച്ചു. ഷാഫി പറമ്പിലും യുഡിഎഫും വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് വാട്‌സ്ആപ്പ് മെസേജിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം കാട്ടി എൽഡിഎഫ് പരാതി നൽകിയത്. എന്നാൽ, യുഡിഎഫ് പ്രചരിപ്പിക്കുന്നു എന്ന് പറയുന്ന പോസ്റ്റ് എൽഡിഎഫ് തന്നെ നിർമിച്ചതാണെന്നാണ് യുഡിഎഫിന്റെ ആരോപണം.
എൽഡിഎഫിന്റെ പ്രചാരണം ഇന്നലെ രാത്രി തന്നെ പൊളിഞ്ഞുവെന്നും ഷാഫി പറയുന്നു. തെരഞ്ഞെടുപ്പിൽ വളരെ ഹീനമായ മാർഗങ്ങളാണ് തേടുന്നത്. ജയവും തോൽവിയും തെരഞ്ഞെടുപ്പിൽ സ്വാഭാവികമാണ്. എന്നാൽ, നാട്ടിൽ ഒരു വിഭാഗീയത ഉണ്ടാക്കി വിഭജിക്കാൻ എളുപ്പമാണ്, ഒരുമിപ്പിക്കാനാണ് പ്രയാസം. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി ജനങ്ങളെ തമ്മിൽ വേർതിരിവ് നടത്തിയാൽ അതിന്റെ പ്രയാസം സമൂഹത്തിൽ പിന്നീടുണ്ടാകും. അതാരും ചെയ്യാൻ മെനക്കെടരുതെന്നും ഷാഫി വിമർശിച്ചു.
തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം പോലും വ്യാജ പ്രചാരണം നടത്തിയതിനെതിരെ വടകരയിലെ ജനങ്ങൾ വോട്ടുചെയ്യും. മതത്തിന്റെ പേരിലല്ല മതേതരത്വത്തിന്റെ പേരിലാണ് ഞങ്ങൾ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യത്തെ വീണ്ടെടുക്കുക എന്നതാണ് പ്രധാനം. ചൂടൊക്കെ സഹിക്കാം, രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സഹിക്കാൻ കഴിയാത്തതെന്നും ഷാഫി കൂട്ടിച്ചേർത്തു.
Adjust Story Font
16