വടക്കഞ്ചേരി അപകടം: ഗതാഗതമന്ത്രിക്കും ഹൈക്കോടതിക്കും ഇന്ന് റിപ്പോർട്ട് കൈമാറും
ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവുകളാണ് അപകട കാരണമെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.
തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തിന്റെ അന്തിമ റിപ്പോർട്ട് ഇന്ന് ഗതാഗതമന്ത്രിക്ക് കൈമാറിയേക്കും. ട്രാൻസ്പോർട്ട് കമ്മീഷണറാണ് റിപ്പോർട്ട് കൈമാറുക. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവുകളാണ് അപകട കാരണമെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. ബസ് ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കൂടുതൽ നടപടിയും ഉടൻ ഉണ്ടാകും.
റിമാൻഡിലുള്ള ടൂറിസ്റ്റ് ബസ് ഉടമ അരുൺ, ഡ്രൈവർ ജോജോ പത്രോസ് എന്ന ജോമോൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. ടൂറിസ്റ്റ് ബസ് വന്നിടിച്ച കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ, യാത്രക്കാർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.
അതേസമയം, അപകടം സംബന്ധിച്ച് പൊലീസ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. അപകടത്തിൽ സ്വമേധയാ കേസെടുത്ത കോടതി പൊലീസിനോട് ഇന്ന് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ അന്വേഷണ ചുമതലയുള്ള ആലത്തൂർ ഡിവൈ.എസ്.പി ആർ ആശോകനാണ് ഹാജരാവുക.
ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് പൊലീസിന്റേയും കണ്ടെത്തൽ. ഡ്രൈവർക്കെതിരെ മനഃപ്പൂർവമായ നരഹത്യക്കും ബസ് ഉടമയ്ക്കെതിരെ പ്രേരണ കുറ്റത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
അപകടത്തിന് തൊട്ടുമുമ്പ് ടൂറിസ്റ്റ് ബസ് മറികടന്ന കാറിന്റെ ഡ്രൈവറോട് പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. അപകടത്തിൽപ്പെട്ട ബസിലെ യാത്രക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത്.
Adjust Story Font
16