Quantcast

വൈക്കം സത്യാഗ്രഹം സമാനതകളില്ലാത്ത സമരമുന്നേറ്റം: മുഖ്യമന്ത്രി

ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. ഭരണഘടനക്ക് പകരം മനുസ്മൃതിയെ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നു. ഇതൊക്കെ പഴയകാലത്തെ ഉച്ചനീചത്വങ്ങളും അടിച്ചമർത്തലുകളും തിരിച്ചുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 April 2023 1:50 PM GMT

Pinarayi Vijayan about vaikom sathyagraha
X

Pinarayi Vijayan

കോട്ടയം: സമാനതകളില്ലാത്ത സമരമുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാതുർവർണ്യത്തിന്റെ ജീർണമായ വ്യവസ്ഥക്കെതിരെയുള്ള യുദ്ധകാഹളമാണ് മുഴങ്ങിയത്. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. മാറുമറയ്ക്കൽ സമരം, അരുവിപ്പുറം പ്രതിഷ്ഠ, കല്ലുമാലസമരം, വില്ലുവണ്ടിയാത്ര, ഗുരുവായൂർ സത്യാഗ്രഹം എന്നിങ്ങനെ നിരവധി നവോത്ഥാനമുന്നേറ്റങ്ങൾ ഉൾപ്പെട്ട ശൃംഘലയിലെ ശക്തമായ കണ്ണിയാണ് വൈക്കം സത്യാഗ്രഹം. സാമൂഹിക പരിഷ്‌കരണ നവോത്ഥാന ധാരയും ദേശീയ സ്വാതന്ത്ര്യസമരധാരയും വൈക്കം സത്യാഗ്രഹത്തിൽ സമന്വയിച്ചു. വൈക്കം സത്യാഗ്രഹത്തിൽ സാമുദായിക നവോത്ഥാന സംരംഭങ്ങളും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും ഒരുമിച്ച് ചേർന്നു. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൂടെ നേതൃത്വത്തിൽ സാമൂഹിക ദുരാചരങ്ങൾക്കെതിരെ അതുവരെ അങ്ങനെയൊരു പോരാട്ടം നടന്നതായി മറ്റെവിടെയെങ്കിലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പിണറായി വിജയൻ നന്ദി പറഞ്ഞു. തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യമായിട്ടും സ്റ്റാലിൻ എത്തിയത് വൈക്കം സത്യാഗ്രഹത്തോടുള്ള തമിഴ്നാട് സർക്കാരിന്റേയും അദ്ദേഹത്തിന്റേയും ആഭിമുഖ്യമാണ് പ്രകടമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈക്കം സത്യാഗ്രഹം വിജയിച്ചപോലെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളും വിജയിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈക്കം സത്യാഗ്രഹം തമിഴ്‌നാടിനും അഭിമാനിക്കാവുന്ന ഒന്നാണ്. രണ്ട് സംസ്ഥാനങ്ങളും ചരിത്രം വിസ്മരിക്കാനാവില്ല. വൈക്കം സത്യാഗ്രഹം ഒരുമിച്ചു നിൽക്കലിന്റെ മാതൃകയാണ്. ഒരുമിച്ച് നിൽക്കൽ വരുംകാലത്തും ഉണ്ടാകും. അത് ഇന്ത്യക്ക് തന്നെ മാതൃകയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മാരകം വൈക്കത്ത് നിർമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറിയ അഭിപ്രായ വ്യത്യാസങ്ങളെക്കാൾ വലിയ വിപത്തിനെതിരെയുള്ള ചെറുത്തുനിൽപ്പാണ് വേണ്ടത്. അനീതിക്കും അസമത്വത്തിനും എതിരെ പ്രതികരിക്കുന്നവർ മാത്രമേ അതിജീവിക്കൂ. ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. ഭരണഘടനക്ക് പകരം മനുസ്മൃതിയെ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നു. ഇതൊക്കെ പഴയകാലത്തെ ഉച്ചനീചത്വങ്ങളും അടിച്ചമർത്തലുകളും തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS :

Next Story