മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസിൽ താമസം; സഭാനാഥനായി റെക്കോർഡ്
കൂടുതൽ കാലം നിയമസഭാ സ്പീക്കറായ റെക്കോർഡ് വക്കം പുരുഷോത്തമന്റെ പേരിലാണ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ്ഹൗസ്. എന്നാൽ, മുഖ്യമന്ത്രിയാകാതെ ക്ലിഫ്ഹൗസിൽ താമസമാക്കിയ ഒരേയൊരാളേയുള്ളൂ; വക്കം പുരുഷോത്തമൻ. 2004ൽ ഉമ്മൻചാണ്ടി സർക്കാരിൽ ധനമന്ത്രിയായിരിക്കെയാണ് ഈ അപൂർവത അദ്ദേഹത്തെ തേടിയെത്തിയത്.
2006 ജനുവരിയിൽ സ്വിറ്റ്‌സർലൻഡിൽ വച്ച് വീണു പരിക്കേറ്റ് ഉമ്മൻചാണ്ടി ചികിത്സയിൽ കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചത് വക്കം പുരുഷോത്തമനായിരുന്നു. ദാവോസിൽ നടന്ന വേൾഡ് എക്‌ണോമിക് ഫോറത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു മുഖ്യമന്ത്രിക്കു പരിക്കേറ്റത്. തുടർന്ന് ചികിത്സയിലും വിശ്രമത്തിലും കഴിഞ്ഞ സമയത്തെല്ലാം സംസ്ഥാനത്തിന്റെ ഭരണച്ചുമതല വഹിച്ചു വക്കം.
അന്നാണ് വക്കം താമസം ക്ലിഫ്ഹൗസിലേക്കു മാറ്റിയത്. സർക്കാരിൽ ധന-എക്‌സൈസ് മന്ത്രിയായിരുന്നു വക്കം. ഇന്നത്തെ രീതിയിലേക്ക് ക്ലിഫ്ഹൗസിനെ ആധുനികവൽക്കരിച്ചതും അദ്ദേഹം തന്നെയായിരുന്നു.
പാർലമെന്ററി ജീവിതത്തിൽ വക്കം പുരുഷോത്തമനെ അടയാളപ്പെടുത്തപ്പെടുക കേരളം കണ്ട മികച്ച സ്പീക്കർ എന്ന നിലയിലാകും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ പരിഗണിക്കുകയും രണ്ടുകക്ഷികളോടും നീതിയോടെ പെരുമാറുകയും ചെയ്തു അദ്ദേഹം. കർക്കശമായി സമയനിയന്ത്രണമടക്കം പാലിച്ചു.
കൂടുതൽ കാലം നിയമസഭാ സ്പീക്കറായി റെക്കോർഡിടുകയും ചെയ്തു. രണ്ടു തവണയാണ് അദ്ദേഹം സ്പീക്കറായത്. 1982-1984, 2001-2004 കാലയളവിലാണ് വക്കം സഭാനാഥനായത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസിന്റെ അമരത്തേക്ക്
തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി കോളജിലായിരുന്നു ബിരുദ പഠനം. അന്നുമുതൽ എഴുത്തുകളിലൂടെയും മറ്റും കെ.എസ്.യു രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അഞ്ചു തവണ നിയമസഭാ അംഗമായി.
1970ൽ ആറ്റിങ്ങൽ മണ്ഡലത്തിൽനിന്നു ജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1971-77 കാലത്തെ അച്യുതമേനോൻ മന്ത്രിസഭയിൽ കൃഷി, തൊഴിൽ മന്ത്രിയുമായി. 1977, 1980, 1982, 2001 വർഷങ്ങളിലും ആറ്റിങ്ങലിൽനിന്നു തന്നെ തുടർച്ചയായി നിയമസഭാ അംഗമായി. പിന്നീട് 1980-81 കാലത്ത് ഇ.കെ നായനാർ സർക്കാരിൽ ആരോഗ്യ-ടൂറിസം മന്ത്രിയുമായി. 2004ൽ ഉമ്മൻചാണ്ടി സർക്കാരിൽ ധന-എക്‌സൈസ് മന്ത്രിയുമായിരുന്നു.
1984 മുതൽ 1991 വരെ ആലപ്പുഴയിൽനിന്ന് ലോക്‌സഭാ അംഗമായി. 1993ലാണ് ആന്തമാൻ ആൻഡ് നിക്കോബാറിന്റെ ലെഫ്റ്റനന്റ് ഗവർണറായത്. 1996 വരെ ഈ പദവിയിൽ തുടർന്നു. 2011 മുതൽ 2014 വരെ മിസോറമിലും 2014ൽ ഒരു മാസം ത്രിപുരയിലും ഗവർണറായി.
Summary: Vakkom Purushothaman is the only one who stayed in the Cliff house without becoming Chief Minister
Adjust Story Font
16