വ്യാജ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ്: വളാഞ്ചേരി അർമ ലബോറട്ടറി ഉടമ അറസ്റ്റില്‍
കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് കൃത്രിമമായി നിർമ്മിച്ച് ലാബ് ഉടമ അരക്കോടിയോളം രൂപ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിരുന്നു
വ്യാജ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതി വളാഞ്ചേരി അർമ ലബോറട്ടറി ഉടമ സുനിൽ സാദത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയി, ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ പ്രതി, അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ കീഴടങ്ങിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായി പോലീസ് തെളിവെടുപ്പ് നടത്തി.
കോഴിക്കോട്ടെ ഐ.സി.എം.ആർ അംഗീകൃത ലാബിന്‍റെ ഫ്രാഞ്ചൈസിയായി പ്രവർത്തിച്ചിരുന്ന അർമ ലബോറട്ടറി, കോവിഡ് പരിശോധനക്കായി 2500 പേരിൽ നിന്ന് സാമ്പിൾ ശേഖരിച്ചിരുന്നു. ഇതിൽ 496 സാമ്പിളുകൾ മാത്രമാണ് കോഴിക്കോട്ടെ ലാബിലേക്ക് അയച്ച് നൽകിയിരുന്നത്. ബാക്കി സാമ്പിളുകൾ അർമ ലാബിൽ തന്നെ നശിപ്പിച്ച് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയെന്നാണ് പരാതി. കേസില്‍ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഒളിവില്‍ പോയ ലാബ് ഉടമ സുനില്‍ സാദത്ത്, ഹൈക്കോടതിയിൽ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്.
2020 ലാണ് കേസിനാസ്പദമായ സംഭവം. കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് കൃത്രിമമായി നിർമ്മിച്ച് ലാബ് ഉടമ അരക്കോടിയോളം രൂപ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ലാബില്‍ പരിശോധന നടത്തിയ പോലീസ്, രേഖകളും കമ്പ്യൂട്ടർ ഉൾപ്പടെയുള്ള ഉപകരണങ്ങളും കണ്ട് കെട്ടി ലാബ് സീല്‍ ചെയ്തിരുന്നു.
Adjust Story Font
16