Quantcast

മുഖ്യമന്ത്രി പറയുന്നതിനെ കണ്ണടച്ച് എതിർക്കേണ്ടതില്ല; വസ്തുത വസ്തുതയായി കാണണം: വത്സൻ തില്ലങ്കേരി

കണ്ണൂരിൽ സിപിഎം-ആർഎസ്എസ് സംഘർഷം കുറഞ്ഞത് പിണറായി സർക്കാർ വന്നതിന് ശേഷമാണ്. അതിന് മുൻകൈ എടുത്തത് മുഖ്യമന്ത്രിയാണെന്നും തില്ലങ്കേരി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-10-10 09:08:49.0

Published:

10 Oct 2024 8:14 AM GMT

Valsan Thillankery supports pinarayi Malappuram statement
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ തെറ്റില്ലെന്ന് ഹിന്ദു ഐക്യവേദി വർക്കിങ് പ്രസിഡന്റും ആർഎസ്എസ് നേതാവുമായ വത്സൻ തില്ലങ്കേരി. പി.വി അൻവർ പറയുന്നത് മലപ്പുറത്ത് ഒരു പ്രത്യേക വിഭാഗം ഭൂരിപക്ഷമാണെന്നാണ്. ഈ കണക്കുകൾ തെറ്റാണ്. ഇത്തരം വാദങ്ങൾ പ്രത്യേക അജണ്ടയുടെ ഭാഗമാണ്. പിണറായി മലപ്പുറം എന്ന് മാത്രമാണ് പറഞ്ഞത്. അപ്പോഴേക്കും ചിലയാളുകൾ മാത്രം ബഹളമുണ്ടാക്കുന്നത് എന്തിനാണെന്നും തില്ലങ്കേരി ചോദിച്ചു. 'ന്യൂസ് 18' ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പിണറായി വിജയൻ ആർഎസ്എസിന്റെ പ്രഖ്യാപിത ശത്രുവാണ്. ആർഎസ്എസ് കൂടിക്കാഴ്ച പിണറായിക്ക് വേണ്ടിയെന്ന് പറയുന്നവർക്ക് പിണറായി വിജയനെ അറിയില്ല. സിപിഎമ്മിനേയും അറിയില്ല, പ്രസ്ഥാനത്തേയുമറിയില്ല. കണ്ണൂരിലും മലബാറിലും നടന്ന എല്ലാ ആർഎസ്എസ്-സിപിഎം സംഘർഷങ്ങളുടെയും നെടുനായകത്വം വഹിച്ചയാളാണ് പിണറായി വിജയൻ. എന്നാൽ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ നിലപാട് മാറിയിട്ടുണ്ട്. കണ്ണൂരിൽ സിപിഎം-ആർഎസ്എസ് സംഘർഷം കുറഞ്ഞത് പിണറായി സർക്കാർ വന്നതിന് ശേഷമാണ്. അതിന് മുൻകൈ എടുത്തത് മുഖ്യമന്ത്രിയാണെന്നും തില്ലങ്കേരി പറഞ്ഞു.

പൊലീസ് മേധാവിമാരുമായി മുമ്പും താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും പൊലീസുകാരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. കണ്ണൂരിൽ പ്രവർത്തിച്ച പൊലീസ് തലപ്പത്തെ പ്രമുഖരിൽ പലരുമായും വ്യക്തിപരമായി അടുപ്പമുണ്ട്. അതിൽ എന്താണ് തെറ്റെന്നും വത്സൻ തില്ലങ്കേരി ചോദിച്ചു.

തൃശൂർ പൂരം കലക്കിയത് താനല്ല. അന്ന് പ്രശ്‌നം പരിഹരിക്കാതെ സിപിഐ മാറിനിൽക്കുകയായിരുന്നു. താൻ പൂരം കണ്ടത് സിപിഐ സ്ഥാനാർഥിക്കൊപ്പമാണ്. ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് തോൽവിയിൽ സമനില തെറ്റിയതുകൊണ്ടാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

TAGS :

Next Story