Quantcast

വണ്ടിപ്പെരിയാർ കൊലക്കേസിൽ നീതി ലഭിച്ചില്ലെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് നടപടികൾ വേഗത്തിലാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്

MediaOne Logo

Web Desk

  • Published:

    14 Dec 2024 1:39 AM GMT

Arjun
X

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ കൊലക്കേസിൽ നീതി ലഭിച്ചില്ലെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. പ്രതി സ്ഥാനത്തുണ്ടായിരുന്ന അർജുനെ കോടതി കുറ്റവിമുക്തനാക്കി ഒരു വർഷമായിട്ടും ഇരയുടെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വാദം തുടങ്ങിയിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് നടപടികൾ വേഗത്തിലാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.

2021 ജൂൺ 30നാണ് ആറ് വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. പ്രദേശവാസിയായ അർജുനെ പ്രതിയാക്കി പൊലീസ് കുറ്റപത്രവും സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കി കഴിഞ്ഞ ഡിസംബർ 14 ന് കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി അർജുനെ കുറ്റവിമുക്തനാക്കി. കേസ് നടത്തിപ്പിൽ പൊലീസിന് വീഴ്ച പറ്റിയെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. തുടർന്ന് ഇരയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയും നൽകി. അഭിഭാഷകരുടെ പേരടക്കം സർക്കാരിന് സമർപ്പിച്ചിട്ടും തുടർ നടപടികളുണ്ടായില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി.

പ്രതിയാക്കപ്പെട്ടയാളുടെ രാഷ്ട്രീയ ബന്ധവും പൊലീസിൻ്റെ വീഴ്ചയും കേസിനെ സ്വാധീനിച്ചെന്നാരോപിച്ച് വിവിധ സംഘടനകളുടെ പ്രതിഷേധവും ഉയർന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ടി.ഡി.സുനിൽകുമാറിനെ സസ്പെൻ്റും ചെയ്തു. പൊലീസിന്‍റെ വീഴ്ച മൂലമാണ് പ്രതി രക്ഷപെട്ടതെന്ന് കുടുംബം ആവർത്തിച്ച് പറയുമ്പോഴും നിജസ്ഥിതി ഹൈക്കോടതിയെ ബോധ്യപ്പെടുത്തി നീതി ലഭിക്കുമെന്ന കുടുംബത്തിൻ്റെ പ്രതീക്ഷകൾക്കാണ് സർക്കാർ നിലപാട് മങ്ങലേൽപ്പിച്ചിരിക്കുന്നത്.



TAGS :

Next Story