കരിപ്പൂരിൽ റൺവേയുടെ നീളം കുറക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി വിവിധ സംഘടനകൾ
ഡിജിസിഎയുടെ നീക്കത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് പ്രധന ആക്ഷേപം
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ വർധിപ്പിക്കാനെന്ന പേരിൽ റൺവേയുടെ നീളം കുറക്കാനുള്ള ഡിജിസിഎ നീക്കത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി വിവിധ സംഘടനകൾ. വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. ഡിജിസിഎയുടെ നീക്കത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് പ്രധന ആക്ഷേപം. എന്നാൽ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡിജിസിഎയുടെ നടപടി.
കരിപ്പൂർ വിമാനാത്താവള അപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ റൺവേയെക്കുറിച്ചുള്ള പരാമർശങ്ങളൊന്നുമില്ലെന്നിരിക്കെയാണ് റൺവേയുടെ അവസാന ഭാഗത്തെ സുരക്ഷാ മേഖലയായ റിസയുടെ നീളം കൂട്ടാനുള്ള ഡിജിസിഎയുടെ നിർദേശം. റൺവേയുടെ ഭാഗത്ത് തന്നെ റിസ നിർമിക്കാനാണ് ആലോചന. ഇതോടെ 2860 മീറ്ററുള്ള റൺവേയുടെ നീളം 2560 മീറ്ററായി ചുരുങ്ങും. ഇത് കരിപ്പൂരിലേക്കുള്ള വിമാനസർവീസുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് റിസയുടെ നീളം ചുരുങ്ങിയത് 90 മീറ്ററെങ്കിലും വേണം. 90 മീറ്ററായിരുന്ന കരിപ്പൂരിലെ റിസ ഡിജി സി എയുടെ നിർദേശ പ്രകാരം 2017ൽ 240 മീറ്ററാക്കി വർധിപ്പിച്ചിരുന്നു. ഇത് കരിപ്പൂരിൽ വലിയ വിമാനങ്ങളിറങ്ങുന്നത് അനിശ്ചിതത്വത്തിലാക്കുമെന്നുള്ളതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
Adjust Story Font
16