വർക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജ് അപകടം; കരാർ കമ്പനിക്ക് വീഴ്ച പറ്റിയെന്ന് ടൂറിസം വകുപ്പ്
ടൂറിസം ഡയറക്ടർ മന്ത്രിക്ക് നാളെ റിപ്പോർട്ട് നൽകും
തിരുവനന്തപുരം: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ കരാർ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ. കരാർ കമ്പനിക്കും ഡി.ടി.പി.സിക്കും ഒരുപോലെ ഉത്തരവാദിത്തം ഉണ്ടെന്നും ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങൾ കരാർ കമ്പനിക്കാണെന്നും ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തിൽ ടൂറിസം ഡയറക്ടർ നാളെ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടർ പി ബി നൂഹിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിച്ചത്. അപകടത്തിന്റെ സാഹചര്യവും ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനവും സംബന്ധിച്ച എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയായിരിക്കും റിപ്പോർട്ടെന്നും ടൂറിസം ഡയറക്ടർ അറിയിച്ചു.
ശനിയാഴ്ചയാണ് വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകർന്ന് നിരവധിപേർ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 15 പേർ കടലിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്നാണ് അപകടമുണ്ടായത്. അഞ്ച് മണിയോടെ ശക്തമായ തിരയിലാണ് കൈവരി തകർന്നത്. കൂടുതൽ ആളുകൾ ബ്രിഡ്ജിൽ കയറിയതും അപകടകാരണമാണെന്നാണ് വിലയിരുത്തല്‍. രണ്ടരമാസം മുന്‍പാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. മന്ത്രി മുഹമ്മദ് റിയാസായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
Adjust Story Font
16