Quantcast

'വി.സി സ്ഥാനം അദ്ദേഹത്തിന് പാരിതോഷികം കിട്ടിയത്'; കണ്ണൂർ വൈസ് ചാൻസലർക്കെതിരെ വീണ്ടും ​ഗവർണർ

റിപ്പോര്‍ട്ട് നല്‍കാന്‍ താന്‍ രണ്ടു തവണ വിസിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ല.

MediaOne Logo

Web Desk

  • Updated:

    2022-08-24 05:35:51.0

Published:

24 Aug 2022 5:31 AM GMT

വി.സി സ്ഥാനം അദ്ദേഹത്തിന് പാരിതോഷികം കിട്ടിയത്; കണ്ണൂർ വൈസ് ചാൻസലർക്കെതിരെ വീണ്ടും ​ഗവർണർ
X

കണ്ണൂർ വി.സി ​ഗോപിനാഥ് രവീന്ദ്രനെതിരായ നിലപാട് ആവർ‌ത്തിച്ചും പുതിയ ആരോപണമുയർത്തിയും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി.സി സ്ഥാനം അദ്ദേഹത്തിന് പാരിതോഷികം കിട്ടിയതാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നിയമനമെന്നും ഗവര്‍ണര്‍ ആരോപിച്ചു.

തനിക്കെതിരായ കൈയേറ്റ ശ്രമത്തിന്റെ ഗൂഡാലോചനയിൽ വിസിയും ഭാഗമാണെന്ന് ​ഗവർണർ ആവർത്തിച്ചു. അദ്ദേഹമാണെന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്നാല്‍ തനിക്കെതിരെ കൈയേറ്റ ശ്രമം ഉണ്ടായപ്പോള്‍ അദ്ദേഹം പൊലീസിനെ വിളിച്ചില്ല. അതിനര്‍ഥമെന്താണ്. അതില്‍ അദ്ദേഹത്തിനും പങ്കുണ്ട്. അതുകൊണ്ടാണ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തനിക്കെതിരായ ആക്രമണത്തെ കുറിച്ച് റിപ്പോർട്ട് നൽകാത്തത്.

ഞാന്‍ നടപടി ആവശ്യപ്പെട്ടില്ല. എന്നാല്‍ ഭരണഘടന പ്രകാരം സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് നോക്കുകയായിരുന്നു. സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ​ഗവർ‌ണർ കുറ്റപ്പെടുത്തി.

എല്ലാം വീഡിയോ കണ്ടാല്‍ മനസിലാവും. റിപ്പോര്‍ട്ട് നല്‍കാന്‍ താന്‍ രണ്ടു തവണ വിസിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ല. താനൊരു സെക്യൂരിറ്റി എക്‌സ്‌പേര്‍ട്ട് അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പൊലീസിനെ വിളിക്കാന്‍ സെക്യൂരിറ്റി എക്‌സ്‌പേര്‍ട്ട് ആകേണ്ട ആവശ്യമില്ലെന്നും ​ഗവർണർ പറഞ്ഞു.

ചാൻസലറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള സർവകലാശാല ഭേദഗതി ബില്ലിനെതിരെയും ആരിഫ് മുഹമ്മദ് ഖാൻ രം​ഗത്തെത്തി. വേണ്ടപ്പെട്ടവരെ നിയമിക്കാനാണ് വി.സി സെർച്ച് കമ്മിറ്റിയുടെ ഘടന മാറ്റിയതെന്ന് ഗവർണർ ആരോപിച്ചു.

കണ്ണൂര്‍ വിസിക്കെതിരായ തന്‍റെ പരാമര്‍ശത്തെ എതിര്‍ത്ത ചരിത്രകാരന്‍ ഇര്‍ഫാൻ ഹബീബിനെ തെരുവു​​ഗുണ്ടയെന്ന് വിളിച്ച് ഇന്നലെ ​ഗവർണർ രം​ഗത്തെത്തിയിരുന്നു. തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് അക്കാദമിക് പ്രവർത്തനമോ തെരുവ് ഗുണ്ടായിസമോ എന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം.

2019ല്‍ കണ്ണൂര്‍ സര്‍വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിൽ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്‍റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കൈയങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍ ഇന്ന് ആരോപിക്കുന്നത്.

TAGS :

Next Story