Quantcast

ഗവർണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമസാധ്യതകൾ തേടി വി.സിമാർ; ഹൈക്കോടതിയെ സമീപിച്ചേക്കും

ഡിജിറ്റൽ- ഓപ്പൺ സർവകലാശാലകളിലെ വി.സിമാരുടെ കാര്യത്തിൽ യു.ജി.സിയുടെ കത്ത് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് രാജ്ഭവന്റെ നീക്കം.

MediaOne Logo

Web Desk

  • Published:

    8 March 2024 12:54 AM GMT

ഗവർണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമസാധ്യതകൾ തേടി വി.സിമാർ; ഹൈക്കോടതിയെ സമീപിച്ചേക്കും
X

തിരുവനന്തപുരം: ഗവർണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമപരമായ സാധ്യതകൾ തേടി കാലിക്കറ്റ്- സംസ്കൃത സർവകലാശാല വി.സിമാർ. ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചേക്കും. ഡിജിറ്റൽ- ഓപ്പൺ സർവകലാശാലകളിലെ വി.സിമാരുടെ കാര്യത്തിൽ യു.ജി.സിയുടെ കത്ത് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് രാജ്ഭവന്റെ നീക്കം.

കാലിക്കറ്റ്- സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കിയ ഗവർണറുടെ നടപടി ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. അതുകൊണ്ടുതന്നെ നടപടി നേരിട്ട വി.സിമാർ നിയമപരമായി നീങ്ങുമെന്നാണ് വിവരം. ഉത്തരവ് പുറത്തിറക്കിയെങ്കിലും ഉടൻ ഇവരെ നീക്കം ചെയ്യാൻ കഴിയില്ല. കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ സമയം അനുവദിക്കണമെന്നും 10 ദിവസം കഴിഞ്ഞ് മാത്രമേ ഉത്തരവ് നടപ്പിലാക്കാൻ പാടുള്ളൂ എന്നും ഹൈക്കോടതി വിധിയിലുണ്ട്. ഈ സമയത്തിനകം ഡിവിഷൻ ബെഞ്ചിൽ നിന്ന് സ്റ്റേ വാങ്ങാനാകും വി.സിമാരുടെ ശ്രമം.

ഗവർണറാണ് തങ്ങളെ നിയമിച്ചതെന്നും നിയമനത്തിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും കാട്ടിയാകും കോടതിയിൽ അപ്പീൽ നൽകുക. പുറത്താക്കൽ നടപടി സ്വീകരിച്ച വിവരം ഗവർണറും ഉടൻ ഹൈക്കോടതിയെ അറിയിക്കും. എന്നാൽ എസ്.എൻ വി.സി മുബാറക്ക് പാഷയുടെയും ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥിൻ്റെയും കാര്യത്തിൽ രാജ്ഭവന് ചില ആശയക്കുഴപ്പങ്ങളുണ്ട്. സർവകലാശാല ആരംഭിക്കുമ്പോൾ സ്വന്തം നിലയ്ക്ക് സർക്കാറിന് വി.സിയെ തീരുമാനിക്കാമെന്ന ചട്ടപ്രകാരമാണ് ഇരുവരും നിയമിക്കപ്പെട്ടത്. അതേസമയം, സർവകലാശാലക്ക് അംഗീകാരം ലഭിച്ചാൽ സെർച്ച് കമ്മിറ്റി വഴി പുതിയ ആളെ കണ്ടെത്തണമെന്നും ചട്ടത്തിലുണ്ട്. ഇത് സംബന്ധിച്ച വ്യക്തത യു.ജി.സിയുടെ ഭാഗത്ത് നിന്ന് ലഭിച്ചാൽ ഉടൻ അതിലും നടപടി പ്രതീക്ഷിക്കാം.

TAGS :

Next Story