'മുഖ്യമന്ത്രി സ്റ്റാലിൻ ചമയേണ്ട, ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യം'; വി.ഡി.സതീശൻ
ക്രിമിനൽ സംഘത്തോടൊപ്പമാണ് മുഖ്യമന്ത്രിയുടെ സഞ്ചാരമെന്നും സതീശൻ ആരോപിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കെഎസ്‍യു പ്രവർത്തകർ ഷൂ എറിഞ്ഞത് വൈകാരിക പ്രകടനം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്. ക്രിമിനൽ സംഘത്തോടൊപ്പമാണ് മുഖ്യമന്ത്രിയുടെ സഞ്ചാരമെന്നും വി.ഡി.സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിക്ക് സംരക്ഷണം ഒരുക്കാൻ പൊലീസിന് കഴിവില്ലേ... അതിനാലാണോ മുൻപിലും പിന്നിലും ക്രിമിനൽ സംഘമെന്നും അദ്ദേഹം ചോദിച്ചു.
'ഗവർണറുടെ വാഹനം എസ്.എഫ്.ഐ ക്ക് തടയാം.അപ്പോൾ ജീവൻ രക്ഷാപ്രവർത്തനമില്ല. രാജാവിന്റെ വാഹനം തടഞ്ഞാൽ പ്രശ്നമാണ്. നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ക്രിമിനൽ മനസുള്ളയാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണ്'. മുഖ്യമന്ത്രി സ്റ്റാലിൻ ചമയേണ്ടെന്നും സതീശന്‍ പറഞ്ഞു.
Adjust Story Font
16