ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; ഭരിക്കുന്നത് സ്ത്രീവിരുദ്ധ സർക്കാരെന്ന് പ്രതിപക്ഷ നേതാവ്
ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാർക്ക് തണലൊരുക്കുകയാണ് സർക്കാരെന്ന് കെ.കെ രമ എംഎൽഎ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമസഭയിൽ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ വിമർശനവുമായി പ്രതിപക്ഷം. സ്ത്രീവിരുദ്ധ സർക്കാർ ആണ് ഇപ്പോൾ ഭരിക്കുന്നതെന്നും ഈ വിഷയം ചർച്ച ചെയ്യാത്തത് കേരള നിയമസഭയ്ക്ക് അപമാനമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യില്ല എന്ന് പറയുന്നത് സർക്കാരിന് തന്നെ നാണക്കേടാണെന്നും അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചത് ഞെട്ടൽ ഉളവാക്കുന്ന കാര്യമാണെന്നും സതീശൻ പറഞ്ഞു.
നാണക്കേടിന്റെ പേരാണ് എൽഡിഎഫ് സർക്കാരെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. നാലേമുക്കാൽ വർഷം ഹേമകമ്മിറ്റി റിപ്പോർട്ട് ഫ്രീസറിൽ വെച്ചു. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ പലരും ശ്രമിച്ചു. ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാർക്ക് തണലൊരുക്കുകയാണ് സർക്കാരെന്നും രമ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നിരുന്നെങ്കിലും സ്പീക്കർ ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്നായിരുന്നു സ്പീക്കറിന്റെ നിരീക്ഷണം. റിപ്പോർട്ടിന്മേൽ അന്വേഷണം നടത്തുന്നില്ലെന്നും സർക്കാർ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. കെ.കെ രമ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Adjust Story Font
16