Quantcast

ഹിജാബ് നിരോധിച്ച ബി.ജെ.പിയും തട്ടം ഉപേക്ഷിക്കുന്നത് നേട്ടമായി കാണുന്ന സി.പി.എമ്മും തമ്മിലെന്താണ് വ്യത്യാസം? - വി.ഡി സതീശൻ

മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ് വോട്ടിനുവേണ്ടി മതപ്രീണനം നടത്തുന്ന സി.പി.എമ്മിന്റെ എക്കാലത്തെയും നിലപാട്. ഇതുതന്നെയാണ് അനിൽകുമാറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 Oct 2023 11:02 AM GMT

vd satheeshan about oommen chandy memorial programme
X

തിരുവനന്തപുരം: സി.പി.എം നേതാവ് കെ. അനിൽകുമാറിന്റെ തട്ടം പരാമർശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഒരാൾ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തട്ടം ഒഴിവാക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന പ്രസ്താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്നമായ കടന്നുകയറ്റമാണ്. സംഘ്പരിവാറിന് കീഴ്‌പ്പെട്ട കേരളത്തിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് അനിൽകുമാറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഹിജാബ് നിരോധിച്ച ബി.ജെ.പി സർക്കാരും തട്ടം ഉപേക്ഷിക്കുന്നത് പാർട്ടി നേട്ടമായി കാണുന്ന സി.പി.എമ്മും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? ശബരിമല വിഷയത്തിലും വിശ്വാസികളെ മുറിവേൽപ്പിക്കുന്ന നിലപാടാണ് സി.പി.എമ്മും പിണറായി സർക്കാരും സ്വീകരിച്ചത്. ഗണപതി മിത്താണെന്ന പരാമർശം വർഗീയ കക്ഷികൾക്ക് ആയുധമാകുമെന്ന് പ്രതിപക്ഷം ആവർത്തിച്ചു ചൂണ്ടിക്കാട്ടിയിട്ടും എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്.

മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ് വോട്ടിനുവേണ്ടി മതപ്രീണനം നടത്തുന്ന സി.പി.എമ്മിന്റെ എക്കാലത്തെയും നിലപാട്. ഇതുതന്നെയാണ് അനിൽകുമാറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

TAGS :

Next Story