മാധ്യമത്തിനെതിരെ കത്ത്: കെ.ടി ജലീലിന്റെ വിശ്വാസ്യത ഇല്ലാതായെന്ന് വി.ഡി സതീശൻ
മാധ്യമ സ്വാതന്ത്ര്യം നാടിന് ആവശ്യമാണെന്നും നിരോധിക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു
കോഴിക്കോട്: മാധ്യമം നിരോധിക്കണമെന്ന് കത്തെഴുതിയ കെ.ടി ജലീലിന്റെ വിശ്വാസ്യത ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി വരെ ജലീലിനെ തള്ളിപ്പറഞ്ഞു കഴിഞ്ഞു. ഇതിനാണ് ജലീൽ ഇനി മറുപടി പറയേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.
നിയമലംഘനം പ്രതിരോധിക്കാൻ ജലീൽ പറയുന്നതിന് മറുപടിയുടെ ആവശ്യമില്ല. കത്തിനെക്കുറിച്ച് ജലീലിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി ചോദിക്കണം. മുൻ മന്ത്രിയോട് സംസാരിക്കാൻ സമയം ഇതുവരെ കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇര ഫിലോമിനയുടെ മൃതദേഹം പാതയോരത്ത് പ്രദർശിപ്പിച്ചത് രാഷ്ട്രീയമായ ഉപയോഗത്തിനാണെന്ന മന്ത്രി ആർ.ബിന്ദുവിന്റെ പരാമർശത്തെ വി.ഡി സതീശൻ വിമർശിച്ചു. മന്ത്രി നടത്തിയത് മരിച്ചയാളെ അപമാനിക്കുന്ന പരമാർശമാണ്. പിൻവലിച്ച് മാപ്പു പറയണം,സതീശൻ കൂട്ടിച്ചേർത്തു.
സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവർക്ക് പണം തിരിച്ചുകിട്ടാത്ത സാഹചര്യമാണ് ഉള്ളത്. നടപടി ഉണ്ടാകും എന്ന് പറയുന്നത് അല്ലാതെ ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെട്ടാൽ ഗ്രാമീണ സമ്പദ്വ്യവസ്ഥ തകരും. സഹകരണ മേഖലയിലെ തട്ടിപ്പിൽ രാഷ്ട്രീയമില്ല. കോൺഗ്രസ് നേതൃത്വം ഭരിക്കുന്ന ബാങ്കുകളിൽ തട്ടിപ്പ് നടന്നാൽ അവർക്ക് എതിരെയും നടപടി വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മാധ്യമ സ്വാതന്ത്ര്യം നാടിന് ആവശ്യമാണെന്നും നിരോധിക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Adjust Story Font
16