Quantcast

സി.പി.എമ്മിലെ ജാതിമേധാവിത്വം: യെച്ചൂരിയുടെ പ്രതികരണം അപഹാസ്യമെന്ന് വി.ഡി സതീശൻ

''ഞങ്ങളിലില്ലാ ഹൈന്ദവ രക്തം, ഞങ്ങളില്ലാ മുസ്‌ലിം രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം എന്ന് പറഞ്ഞുനടക്കുന്നവരാണ് പാർട്ടിയിലെ ജാതിക്വാട്ടയിൽ അഭിമാനിക്കുന്നത്''

MediaOne Logo

Web Desk

  • Updated:

    2022-04-05 15:07:40.0

Published:

5 April 2022 3:06 PM GMT

സി.പി.എമ്മിലെ ജാതിമേധാവിത്വം: യെച്ചൂരിയുടെ പ്രതികരണം അപഹാസ്യമെന്ന് വി.ഡി സതീശൻ
X

100 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ, ഇന്നലെവരെ സവർണ മേധാവിത്വമായിരുന്നെന്ന് പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നുസമ്മതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അവർണന് ഇന്നും പി.ബി അപ്രാപ്യമാണ്. പാർട്ടി നേതൃത്വം ഇപ്പോഴും ദലിതരോടുള്ള തൊട്ടുകൂടായ്മ വച്ചുപുലർത്തുന്നുവെന്ന് സമ്മതിച്ചിരിക്കുകയാണ് യെച്ചൂരിയെന്നും സതീശൻ കുറ്റപ്പെടുത്തി.

മനോരമയ്ക്ക് നൽകിയ അഭിമുഖം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയായിരുന്നു വി.ഡി സതീശന്റെ വിമർശനം. ''പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്വം എന്നാണ് അവസാനിക്കുകയെന്ന ലേഖകന്റെ ചോദ്യത്തിനുള്ള മറുപടി അമ്പരിപ്പിക്കുന്നതാണ്. അത് അവസാനിച്ചുകഴിഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതിലേറെ അപഹാസ്യമാണ് പി.ബിയിൽ രണ്ട് മുസ്‌ലിംകളും ഒരു ക്രൈസ്തവനുമുണ്ടെന്ന പറച്ചിൽ. എം.എ ബേബി ക്രിസ്ത്യൻ സംവരണ ക്വാട്ടയിലാണ് പി.ബിയിൽ കടന്നുകൂടിയതെന്നല്ലേ യെച്ചൂരി പറയുന്നത്. ഞങ്ങളിലില്ലാ ഹൈന്ദവ രക്തം, ഞങ്ങളില്ലാ മുസ്‌ലിം രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം എന്ന് പറഞ്ഞുനടക്കുന്നവരാണ് പാർട്ടിയിലെ ജാതിക്വാട്ടയിൽ അഭിമാനിക്കുന്നത്''-അദ്ദേഹം വിമർശിച്ചു.

ഇന്ത്യയിലെ സി.പി.എമ്മുകാരായ പിന്നോക്ക, ആദിവാസി, ദലിതർക്ക് വിദ്യാഭ്യാസ-നേതൃപാടവമില്ലെന്നും ജാതിവിവേചനംമൂലം സിപി.എമ്മിൽ തന്നെ ഒതുക്കപ്പെട്ടിരിക്കയായിരുന്നുവെന്നുമാണ് പാർട്ടി ജനറൽ സെക്രട്ടറി പറയുന്നത്. ഗൗരിയമ്മയും ഇത്തരം ജാതിവിവേചനത്തിന്റെ ഇരയായിരുന്നുവല്ലോ. പാർട്ടി നേതൃത്വം ഇപ്പോഴും ദലിതരോടുള്ള തൊട്ടുകൂടായ്മ വച്ചുപുലർത്തുന്നുവെന്ന് സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം. ദലിതർ പി.ബിയിൽ ഇല്ലാത്തതിന്റെ ന്യായീകരണം അങ്ങേയറ്റം അപകടകരവും പ്രതിലോമകരവുമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

വി.ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

The Communist Party was originally in the hands of some Brahmin boys - Dange and others. They have been trying to win over the Maratha community and the Scheduled Castes. But they have made no headway in Maharashtra. Why? Because they are mostly a bunch of Brahmin boys. The Russians made a great mistake to entrust the Communist movement in India to them. Either the Russians didn't want Communism in India - they wanted only drummer boys - or they didn't understand- Dr. Ambedkar

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെക്കുറിച്ച് അംബേദ്കറിന്റെ വിലയിരുത്തലാണിത്. ഇതിൽനിന്ന് ഒരിഞ്ചുപോലും സി.പി.എം മുന്നോട്ടുപോയിട്ടില്ലെന്നാണ് മലയാള മനോരമയ്ക്ക് നൽകിയ യെച്ചൂരിയുടെ അഭിമുഖത്തിൽ പറയുന്നത്.

പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്വം എന്നാണ് അവസാനിക്കുകയെന്ന ലേഖകന്റെ ചോദ്യത്തിനുള്ള മറുപടി അമ്പരിപ്പിക്കുന്നതാണ്.

'അത് അവസാനിച്ചുകഴിഞ്ഞു. ആ പ്രക്രിയ വളരെ വ്യക്തമാണ്. പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്‌ലിംകളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട്'

100 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ, ഇന്നലെവരെ സവർണ മേധാവിത്വമായിരുന്നെന്ന് പാർട്ടി സെക്രട്ടറി തുറന്നുസമ്മതിക്കുന്നു. എന്ത് വർഗരാഷ്ട്രീയത്തെക്കുറിച്ചാണ് ഈ പാർട്ടി ഇക്കാലമത്രയും പറഞ്ഞുനടന്നത്? അവർണന് ഇന്നും അപ്രാപ്യമാണ് പി.ബി. അതിനെക്കാൾ അപഹാസ്യമല്ലേ, പി.ബിയിൽ രണ്ട് മുസ്‌ലിംകളും ഒരു ക്രൈസ്തവനുമുണ്ടെന്ന പറച്ചിൽ. എം.എ ബേബി ക്രിസ്ത്യൻ സംവരണ ക്വാട്ടയിലാണ് പി.ബിയിൽ കടന്നു കൂടിയതെന്നല്ലേ യെച്ചൂരി പറയുന്നത്. ഞങ്ങളിലില്ലാ ഹൈന്ദവ രക്തം, ഞങ്ങളില്ലാ മുസ്‌ലിം രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം എന്ന് പറഞ്ഞുനടക്കുന്നവരാണ് പാർട്ടിയിലെ ജാതി ക്വാട്ടയിൽ അഭിമാനിക്കുന്നത്.

ഇതിനെക്കാൾ ക്രൂരവും അപഹാസ്യവുമായ മറ്റൊരു വെളിപ്പെടുത്തലും യെച്ചൂരി നടത്തിയിട്ടുണ്ട്.

ചോദ്യം: ദലിത് വിഭാഗത്തിൽനിന്ന് ഒരാൾപോലും പി.ബിയിൽ എത്താത്തത് എന്തുകൊണ്ടാണ്? കണ്ണൂരിൽ അതിന് മാറ്റമുണ്ടാകുമോ?

ഉത്തരം:എന്തുകൊണ്ടത് സംഭവിച്ചില്ലെന്നതിന് ചരിത്രപരമായ പല കാരണങ്ങളുണ്ട്.

എന്താണ് ആ ചരിത്രപരമായ കാര്യം എന്നദ്ദേഹം പറയുന്നില്ല. ഇന്ത്യയിലെ സി.പി.എമ്മുകാരായ പിന്നോക്ക-ആദിവാസി-ദലിതർക്ക് വിദ്യാഭ്യാസ-നേതൃപാടവമില്ലെന്നും ജാതിവിവേചനം മൂലം സിപി.എമ്മിൽ തന്നെ ഒതുക്കപ്പെട്ടിരിക്കയായിരുന്നുവെന്നുമാണ് പാർട്ടി ജനറൽ സെക്രട്ടറി പറയുന്നത്. ഗൗരിയമ്മയും ഇത്തരം ജാതിവിവേചനത്തിന്റെ ഇരയായിരുന്നുവല്ലോ. പാർട്ടി നേതൃത്വം ഇപ്പോഴും ദലിതരോടുള്ള തൊട്ടുകൂടായ്മ വച്ചുപുലർത്തുന്നുവെന്ന് സമ്മതിച്ചിരിക്കയാണ്.

തിരുവിതാംകൂറിലെ പാർട്ടിയുടെ ആദ്യ സെക്രട്ടറിയും പുന്നപ്ര വയലാർ സമരനായകനും ദലിതനുമായിരുന്ന കെ.വി പത്രോസ് പാർട്ടി ചരിത്രത്തിൽനിന്ന് എങ്ങനെയാണ് ഒതുക്കപ്പെട്ടതെന്ന് ചരിത്രം പഠിക്കുന്ന ആർക്കും മനസിലാവും. താൻ പാർട്ടിയിലെ സവർണ മേധാവിത്വത്തോട് പോരാടി പരാജിതനായെന്നാണ് പത്രോസ് പറഞ്ഞിട്ടുള്ളത്. ദലിതർ പി.ബിയിൽ ഇല്ലാത്തതിന്റെ ന്യായീകരണം അങ്ങേയറ്റം അപകടകരവും പ്രതിലോമകരവുമാണ്. യെച്ചൂരി പറയുന്നത് ശ്രദ്ധിക്കുക:

'എന്തുകൊണ്ട് അതു സംഭവിച്ചില്ലെന്നതിനു ചരിത്രപരമായ പല കാരണങ്ങളുമുണ്ട്, മറികടക്കേണ്ടതായ കാരണങ്ങൾ. ഇത് സി.പി.എമ്മിന്റെ മാത്രം പ്രശ്‌നമല്ല. ഏറ്റവും ചൂഷണസ്വഭാവമുള്ളതായിരുന്നു നമ്മുടെ സമൂഹം. മേൽജാതികൾക്കു മാത്രമാണ് അറിവ് പ്രാപ്യമായിരുന്നത്, പഠനം സാധ്യമായിരുന്നത്. സ്വാഭാവികമായും അത്തരം സാഹചര്യങ്ങളിലൂടെയാണ് പുതിയ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാകുന്നത്. അത്തരം സാഹചര്യങ്ങൾ മാറ്റാനാണ് ഞങ്ങൾ ശ്രമിച്ചത്. ഞങ്ങളുടെ കീഴ്‌സമിതികളിൽ ദലിത്, പിന്നാക്ക പ്രാതിനിധ്യം ധാരാളമായുണ്ട്. പ്രത്യേകിച്ചും വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് എന്ത് തീരുമാനമെടുക്കുമെന്ന് എനിക്ക് മുൻകൂട്ടി പറയാനാവില്ല.'

അതേസമയം, കെ.ആർ നാരായണനെപ്പോലൊരു വ്യക്തിത്വത്തെ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്ന പാരമ്പര്യമാണ് കോൺഗ്രസിന്റേത്.

Summary: Sitaram Yechury's response to caste domination in CPM is ridiculous, says VD Satheesan

TAGS :

Next Story