സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണമെന്ന് വി.ഡി സതീശന്‍
രാജ്യസഭയിലും ലോക്സഭയിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്
തിരുവനന്തപുരം: വയനാട് ദുരന്തം പാർലമെന്‍റില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല ഇത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണം. തങ്ങൾ ആരും നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ല. ദുരന്തത്തിൽപെട്ടവർക്ക് 100 വീടുകൾ കെ.പി.സി.സി നൽകുമെന്നും സതീശൻ പറഞ്ഞു.
രാജ്യസഭയിലും ലോക്സഭയിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്. പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ല.ദുരിതാശ്വാസ നിധി സുതാര്യമാകണമെന്നും സതീശന്‍ വ്യക്തമാക്കി. അങ്കോലയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരരാംഭിക്കാന്‍ കര്‍ണാടക സര്‍ക്കാരുമായി സംസാരിച്ചുവെന്നും അദ്ദേഹം അറിയിച്ചു. തിരച്ചില്‍ ഇന്ന് വീണ്ടും ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ദുരന്തഭൂമിയില്‍ ഇന്ന് കൂടുതല്‍ റഡാറുകള്‍ എത്തിച്ച് തിരച്ചില്‍ നടത്തും. ഒരു സേവർ റഡാർ, നാല് റെക്കോ റഡാറുകൾ എന്നിവയാണ് എത്തിക്കുക. ഡൽഹിയിൽ നിന്ന് ഇവ എയർലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം അറിയിച്ചു. റഡാറുകളുടെ ഓപ്പറേറ്റർമാരും ഒപ്പമുണ്ടാകും. വ്യോമസേനാ വിമാനത്തിലാണ് എത്തിക്കുക. സംസ്ഥാന സർക്കാരിന്‍റെ ആവശ്യപ്രകാരമാണ് നടപടി. കൂടുതൽ ആഴത്തിലുള്ള പരിശോധനയ്ക്ക് വേണ്ടിയാണ് റഡാറുകള്‍ എത്തിക്കുന്നത്.
Adjust Story Font
16