Quantcast

പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റി; തെര. കമ്മീഷന് പരാതി നൽകി വി.ഡി സതീശൻ

വയനാട്, പാലക്കാട്‌, ചേലക്കര മണ്ഡലങ്ങളിലെ പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയെന്നാണ് പരാതി.

MediaOne Logo

Web Desk

  • Updated:

    2024-10-19 13:14:33.0

Published:

19 Oct 2024 11:57 AM GMT

പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റി; തെര. കമ്മീഷന് പരാതി നൽകി വി.ഡി സതീശൻ
X

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട്, പാലക്കാട്‌, ചേലക്കര മണ്ഡലങ്ങളിലെ പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് പരാതി നൽകിയത്.

വയനാട് ജില്ലയിലെ മീനങ്ങാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകൾ, പാലക്കാട് ജില്ലയിലെ മങ്കര, തിരുവേഗപ്പുറ, പരുതൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ സെക്രട്ടറിമാരെയാണ് സ്ഥലംമാറ്റിയത്. ഈ മാസം 14 ആണ് സ്ഥലംമാറ്റ ഉത്തരവിലെ തിയതി. എന്നാൽ 18നാണ് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്.

15ാം തിയതിയാണ് പെരുമാറ്റച്ചട്ടം നിലവിൽവന്നത്. അതിനാൽ സെക്രട്ടറിമാരെ മാറ്റിയ തീരുമാനം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ഈ വർഷം സെപ്റ്റംബറിലെ ജനറൽ ട്രാൻസ്ഫർ ഓർഡറിൽ തിരുത്ത് വരുത്തിയ ശേഷമാണ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സർക്കാർ അവകാശപ്പെടുന്നു.

എന്നാൽ ജനറൽ ട്രാൻസ്ഫർ ഓർഡറിനു വേണ്ടി അപേക്ഷ നൽകിയ ആരെങ്കിലുമോ, ഒരു വർഷം പൂർത്തിയായ ആരെങ്കിലുമോ ഈ ഉത്തരവ് പ്രകാരം സ്ഥലംമാറ്റപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ഇത് പൂർണമായും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു.



TAGS :

Next Story