Quantcast

എം.ടി: മണ്ണിനെയും മനുഷ്യരേയും ആദരവോടെ കാണാൻ മലയാളിയെ പഠിപ്പിച്ച എഴുത്തുകാരൻ - വി.ഡി സതീശൻ

ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടിയെന്ന് വി.ഡി സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    25 Dec 2024 5:52 PM GMT

VD Satheesan in memory of MT Vasudevan Nair
X

തിരുവനന്തപുരം: ചവിട്ടി നിൽക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ലാദത്തോടെയും നോക്കി കാണാൻ മലയാളിയെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു എം.ടി വാസുദേവൻ നായരെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ കൺമുന്നിൽ കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്‌കരിച്ച, ആത്മസംഘർഷങ്ങളും സങ്കടചുഴികളും നഷ്ട്ടപ്പെടലിന്റെ വേദനയും ആഹ്ലാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവു കോലില്ലാതെ അടയാളപ്പെടുത്തിയ എം.ടി എന്നെ സംബന്ധിച്ച് ഒരു മഹാമനുഷ്യനായിരുന്നു. എം.ടിയുടെ കഥകളും നോവലുകളും ലേഖനങ്ങളും ആത്മാവ് തൊട്ട് വായിച്ചൊരാളാണ് ഞാൻ. മനുഷ്യനെയും പ്രകൃതിയെയും ഉൾപ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങൾക്ക് തന്നതിന് നന്ദി. അങ്ങയുടെ അസാന്നിധ്യത്തിലും വീണ്ടും വീണ്ടും കരുത്താർജ്ജിക്കാനുള്ള വിഭവങ്ങൾ അങ്ങ് തന്നെ തന്നിട്ടുണ്ടല്ലോയെന്ന് ആശ്വസിക്കാം.

ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യൻ. ചവിട്ടി നിൽക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ലാദത്തോടെയും നോക്കി കാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം തീർത്തത് കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകൾ തീവ്രമായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞു. ആശയങ്ങൾ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്.

ആ പേനയിൽ നിന്ന് 'ഇത്തിരിത്തേൻ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങൾ' ഉതിർന്ന് ഭാഷ ധന്യമായി. നിങ്ങൾക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എം.ടി ആ ഉത്തരവാദിത്തം അത്രമേൽ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടത് കാലാതിവർത്തിയായി നിറവേറ്റിയ ഇതിഹാസമാകുന്നു എം.ടി.


TAGS :

Next Story