Quantcast

"ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയി"-മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ

"കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്. വർഗീതയുടെ പേരിൽ കൊലപാതകങ്ങൾ നിരന്തരം നടക്കുന്നു"

MediaOne Logo

ijas

  • Updated:

    2022-04-15 16:19:16.0

Published:

15 April 2022 3:27 PM GMT

ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയി-മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ
X

തിരുവനന്തപുരം: പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആഭ്യന്തര വകുപ്പിന്‍റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയതായും സോഷ്യൽ എഞ്ചിനീയറിങ് എന്ന പേരിൽ വർഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും വി.ഡി സതീശൻ തുറന്നടിച്ചു.

ഒരു വിഷു ദിനം കൂടി സങ്കടത്തിൽ അവസാനിച്ചു. പിതാവിന്‍റെ മുന്നിലിട്ട് മകനെ അരും കൊല ചെയ്തു. കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്. വർഗീതയുടെ പേരിൽ കൊലപാതകങ്ങൾ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിന്‍റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയി. വർഗീയ ശക്തികൾക്കും അക്രമികൾക്കും എതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ആർക്കും ഒരു നിയന്ത്രണവുമില്ല. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ വിവിധ വർഗീയ സംഘടനകൾ ശ്രമിക്കുന്നത് സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുകയാണ്. ഇനിയെങ്കിലും ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണം. വർഗീയ ശക്തികളെ നിലയ്ക്ക് നിർത്തണം. ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കണം- വി.ഡി സതീശൻ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ പട്ടാപകല്‍ നടുറോഡില്‍ വെച്ച് വെട്ടികൊലപെടുത്തിയത്. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്‍റ് കുത്തിയതോട് സ്വദേശി സുബൈർ പാറ (47)ആണ് കൊല്ലപ്പെട്ടത്. ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങും വഴി ഉച്ചക്ക് ഒന്നരക്ക് രണ്ടു കാറുകളില്‍ എത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുബൈറിനെ അതിക്രൂരമായാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ശരീരത്തില്‍ വലിയ മുറിവുകളാണുണ്ടായിരുന്നതെന്നും ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കില്‍ നിന്നും വീണ് പരിക്കുപറ്റിയിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

സുബൈറിന്‍റെ കൊലപാതകത്തിലെ പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. ഡ്രൈവർ ഉൾപ്പടെ അഞ്ച് പേരാണ് സംഘത്തിലുള്ളത്. ഇതില്‍ നാല് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകം നടത്തിയവര്‍ മുഖം മൂടി ധരിച്ചിരുന്നതായ സാക്ഷി മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അക്രമി സംഘത്തിലുള്ളവര്‍ മുഖം മൂടി ധരിച്ചിരുന്നില്ലെന്ന് സുബൈറിന്‍റെ പിതാവ് അബൂബക്കർ മീഡിയവണിനോട് പറഞ്ഞു. കൊലപാതക ശേഷം പാലക്കാട് കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെ നിന്ന് പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.

അതെ സമയം കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. ബി.ജെ.പി നേതാവ് സഞ്ജിത്ത് കൊലപ്പെട്ട പ്രദേശത്താണ് കൊലപാതകം നടന്നത്. ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്നയിടമാണ് ഇവിടെ. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ കൊലപാതകം എന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്.

Palakkad murder: VD Satheeshan lashes out at CM

TAGS :

Next Story